ആന്തൂര്‍ നഗരസഭ ഇക്കോ പാര്‍ക്കിലെ സംരംഭവും പൂട്ടി: തുടര്‍ അന്വേഷണം വേണമെന്നു മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: തളിപ്പറമ്പ് വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കില്‍ തുടങ്ങിയ സംരംഭം പൂട്ടിയതില്‍ ആന്തൂര്‍ നഗരസഭ നിലപാടില്‍ ഉറച്ചു നില്ക്കുന്നതിനാല് തുടര്‍ അന്വേഷണം ആവശ്യമാണെന്നു മനുഷ്യാവകാശ കമ്മിഷന് അംഗം പി.മോഹനദാസ്.
വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കില്‍ തുടങ്ങിയ സംരംഭത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതി ഇന്നലെ നടന്ന അദാലത്തില്‍ പരിഗണിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ അനുമതിയോടെയാണ് ഇക്കോ പാര്‍ക്കില്‍ ഫുഡ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സംരംഭം തുടങ്ങിയത്. എന്നാല്‍ നിര്‍മാണം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി ആന്തൂര്‍ നഗരസഭ ഇത് അടപ്പിച്ചിരുന്നു.
പലതവണ അപേക്ഷ നല്‍കിയിട്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ നഗരസഭ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സംരംഭക സുഗിലയും ഭര്‍ത്താവ് വിനോദും പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. പരാതി സ്വീകരിച്ച കമ്മിഷന് നഗരസഭ സെക്രട്ടറിക്കും കലക്ടര്‍ക്കും നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നഗരസഭാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ നല്കിയ വിശദീകരണത്തില്‍ സംരംഭം അനധികൃതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."