പാപമോചനത്തിന്റെ പത്ത്
പാപങ്ങളില്‍ നിന്നും മോചനം തേടാനും വിശുദ്ധമായ ജീവിതം നയിക്കാനും വിശ്വാസികള്‍ക്കുള്ള അവസരമാണ റമദാന്‍. റമദാനിലെ രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെ ദിനങ്ങളാണ്. മനുഷ്യന്‍ പ്രകൃതിപരമായി ചെയ്യുന്ന തെറ്റുകളില്‍ നിന്നു അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ഖേദിച്ചുമടങ്ങുകയും പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ട ദിനരാത്രങ്ങള്‍. പശ്ചാതാപം വിശ്വാസികളെ സംബന്ധിച്ചു പ്രധാനമാണ്. അല്ലാഹു പറയുന്നു. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങുവീന്‍.'' (വിശുദ്ധ ഖുര്‍ആന്‍).
പാപക്കറകള്‍ നിറയുന്ന ഹൃദയങ്ങളില്‍ നിന്ന് മോചനം നേടുക വിശ്വാസിയെ സംബന്ധിച്ചു പ്രധാനമാണ്. പാപസുരക്ഷിതരായിരുന്നിട്ടുപോലും തിരുനബി(സ) തന്റെ ദൈനംദിന ജീവിതത്തില്‍ പാപമോചനം തേടുക പതിവാക്കിയിരുന്നു. നബി(സ) പറഞ്ഞു: 'ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. നിശ്ചയം ഞാന്‍ ദിവസത്തില്‍ നൂറ് പ്രാവശ്യം അവനിലേക്ക് ഖേദിച്ചുമടങ്ങുന്നുണ്ട്.' (മുസ്‌ലിം). മറ്റൊരു ഹദീസില്‍ എഴുപതിലധികം പ്രാവശ്യം എന്നു കാണാം. തൗബ, ഇസ്തിഗ്ഫാര്‍ എന്നിവയുടെ പ്രാധാന്യമാണ് ഇവിടെ വ്യക്തമാകുന്നത്. കുറ്റവാസന വര്‍ധിപ്പിക്കുന്നത് പൈശാചിക പ്രവണതയാണ്. അതിലൂടെ നിറയുന്ന ഹൃദയമാലിന്യങ്ങളെ ശുദ്ധീകരിക്കുകയാണ് വേണ്ടത്. ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാവുക, ചെയ്ത തെറ്റ് തെറ്റാണ് എന്നതിന്റെ പേരില്‍ ഖേദിക്കുക, തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക എന്നിവ പശ്ചാതാപത്തിന്റെ നിബന്ധനകളാണ്. കുറ്റങ്ങള്‍ മറ്റു ജനങ്ങളുടെ നന്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍, തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ബാധ്യത വീട്ടുകയും വേണം.
പാപങ്ങളെ കരിച്ചുകളഞ്ഞു ശുദ്ധീകരണത്തിനുളള സന്ദര്‍ഭമാണ് റമദാന്‍. ഇനിയുള്ള ദിനങ്ങളില്‍ ആത്മാര്‍ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും പാപമോചനം തേടുകയും വേണം. ആത്മാര്‍ഥമായ പശ്ചാത്തപത്തിലൂടെ അല്ലാഹു പൊറുത്തുകൊടുക്കും. അല്ലാഹു പറയുന്നു.''നബിയേ, താങ്കള്‍ പറയുക. സ്വശരീരങ്ങളുടെ മേല്‍ അമിതമായി (അക്രമം) പ്രവര്‍ത്തിച്ച എന്റെ അടിമകളേ, അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങള്‍ നിരാശരാവരുത്. തീര്‍ച്ചയായും അല്ലാഹു സകല പാപങ്ങളും പൊറുക്കും. തീര്‍ച്ചയായും അവന്‍ പാപം പൊറുക്കുന്നവനും കരുണാവാരിധിയുമാണ്'(ഖുര്‍ആന്‍).
(സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."