ഒറ്റപ്പാലം നഗരസഭയില്‍ ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കായി ജൈവ മാലിന്യ ശേഖരണം നിര്‍ത്തി
ഒറ്റപ്പാലം:ജൈവ മാലിന്യ ത്തിന്റ ഉറവിടത്തില്‍തന്നെ സംസ്കരണ പദ്ധതിയുമായി ഒറ്റപ്പാലം നഗരസഭ ജൈവ മാലിന്യ ശേഖരണം നിര്‍ത്തി വെച്ചു.
ഒറ്റപ്പാലം നഗരസഭയിലെ ഏഴോളം വാര്‍ഡുകളില്‍ നിന്നായി1440 വീടുകളില്‍നിന്നാണ് ഇതുവരെ മാലിന്യം ശേഖരിച്ചിരുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു നിലവില്‍ വീടുകളില്‍ നിന്ന് മാലിന്യ ശേഖരണം നടത്തിയിരുന്നത്. ജൈവ മാലിന്യത്തിന് ഉറവിടമാലിന്യ സംസ്കരണം എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മാലിന്യശേഖരണം നിര്‍ത്തിവെച്ചത്. അതേസമയം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ മാസത്തില്‍ രണ്ടു തവണ ശേഖരിക്കും. ഇവ വേര്‍തിരിച്ച് സൂക്ഷിക്കുവാന്‍ നഗരസഭ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗത്ത് പനമണ്ണ യിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിനു രണ്ടുദിവസത്തിനകം വൈദ്യുതി ലഭിക്കുമെന്നും, പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ടാറിലേക്കാവശ്യമായ അസംസ്കൃത ഉല്‍പ്പന്നമായി മാറ്റാന്‍ കഴിയുമെന്നും നഗരസഭാ ചെയര്മാന് എന്‍.എം നാരായണന് നമ്പൂതിരി പറഞ്ഞു.
ക്ലീന്‍ കേരള കമ്പനിക്കും, ഹൈദരാബാദിലെ മറ്റൊരു സ്ഥാപനത്തിനും ഇമാലിന്യം നല്കുവാന് നഗരസഭ ധാരണയായിട്ടുണ്ട്.
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്നും രണ്ടുപേരെ വീതം നിയമിച്ചിട്ടുണ്ട്.
ഉറവിട മാലിന്യസംസ്കരണത്തിന്റെ വിജയത്തിനായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യശേഖരണം നേരത്തെ നഗരസഭ നിര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."