ശക്തമായ തിരയില്‍ ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ നടപ്പാതയും പടിയും തകര്‍ന്നു
മട്ടാഞ്ചേരി: കടല്‍തിര ശക്തമായതോടെ ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ നടപ്പാതയും തീരത്തേക്ക് ഇറങ്ങുന്നതിനായി സ്ഥാപിച്ച ചവിട്ട് പടികളും തകര്‍ന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ അടിച്ച ശക്തമായ കടല്‍ തിരയില്‍ പുതിയതായി നിര്‍മിച്ച നടപ്പാതയും ചവിട്ട് പടികളും തകര്‍ന്ന് വീഴുകയായിരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി നാലര കോടി രൂപയുടെ പദ്ധതിയില്‍ നിര്‍മിച്ചതാണ് ഈ നടപ്പാതയും ചവിട്ട് പടികളും.
ലൈറ്റ് ഹൗസിന് സമീപത്തെ നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ തകര്‍ന്നിരുന്നു.നടപ്പാതക്ക് ചുറ്റും നിര്‍മിച്ച ഗ്രില്ലുകളും തിരയടിയില്‍ തകര്‍ന്ന് വീണു. നിര്‍മാണത്തിലെ അപാകതയാണ് നടപ്പാത തകരാന്‍ കാരണമെന്നാക്ഷേപമുണ്ട്. വലിയ കല്ലുകള്‍ക്ക് പകരം ചെറിയ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ കല്ലുകള്‍ എളുപ്പത്തില്‍ തിരകള്‍ക്ക് കൊണ്ട് പോകാനാകും. കോണ്‍ക്രീറ്റില്‍ കമ്പിയിട്ടില്ലന്നും അടിയില്‍ കടപ്പുറത്തെ മണ്ണ് തന്നെയാണ് ഉപയോഗിച്ചതെന്നും പരാതിയുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സമീപത്തെ നടപ്പാത തകരാതെ നില്‍ക്കുന്നുണ്ട്. അതേസമയം നടപ്പാതക്ക് മേല്‍ പാകിയ ടൈലുകള്‍ തിരയടിച്ച് തകരുകയും ചെയ്തിരുന്നു. കാല വര്‍ഷം ശക്തമായതോടെ കടല്‍ കൂടുതല്‍ കലി തുള്ളുകയാണ്. സൗത്ത് കടപ്പുറത്ത് ആളുകള്‍ കുളിക്കാനിറങ്ങുന്നയിടങ്ങളില്‍ അപകടം പതിയിരിക്കുകയാണ്. തിരയടി നടപ്പാതയും കവിഞ്ഞ് വരുന്ന സാഹചര്യമാണ്. ലൈഫ് ഗാര്‍ഡുകള്‍ ഈ ഭാഗത്തേക്ക് ഇറങ്ങുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്നുണ്ടെങ്കിലും പലപ്പോഴും ധിക്കരിച്ച് ഇറങ്ങുന്ന അവസ്ഥയാണ്. ലൈഫ് ഗാര്‍ഡുകളുടെ എണ്ണം കുറവായതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സമയം നല്ല അടിയൊഴുക്കുണ്ടാകും കൂടാതെ കപ്പല്‍ ചാലുമാണ് അതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഇത് പോലെ ശക്തമായ തിരയടി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.ലൈഫ് ഗാര്‍ഡുകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."