നേര്യമംഗലം - മൂന്നാര്‍ റോഡ് മരണപാത; രണ്ടു മാസത്തിനിടെ നഷ്ടപ്പെട്ടത് മൂന്നു ജീവന്‍
അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം മരണപാതയാകുന്നു. കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍ മരിച്ച അനീഷിന്റെ മരണത്തോടെ രണ്ടു മാസത്തിനിടെ മൂന്നുപേരുടെ വിലപ്പെട്ട ജീവനാണു വാഹനാപകടങ്ങളില്‍ നഷ്ടമായത്.
തിങ്കളാഴ്ച ചീയപ്പാറയ്ക്കു സമീപം കാര്‍ കൊക്കയിലേക്കു മറിഞ്ഞ് വയനാട് സ്വദേശി അനീഷ് മരിച്ചതാണ് ഇവിടെയുണ്ടായ അപകടങ്ങളില്‍ ഒടുവിലത്തേത്.
ചീയപ്പാറയില്‍ അപകടം ഉണ്ടായതിന് തൊട്ടടുത്ത സ്ഥലത്ത് കഴിഞ്ഞ ഏപ്രില്‍ 11ന് ചാറ്റുപാറ പാമ്പാകോളത്തില്‍ കുട്ടപ്പന്റെ ഭാര്യ വത്സ ഓട്ടോ മറിഞ്ഞ് മരിച്ചിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ജൂണ്‍ ഒന്നിന് കൂമ്പന്‍പാറയ്ക്ക് സമീപം ഇടശേരി വളവില്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴി തോക്കുപാറ ചേനോത്തുമാലില്‍ ജോയ് മാത്യു വാഹനാപകടത്തില്‍ മരിച്ചു. മൂന്ന് അപകടങ്ങളുടെയും കാരണങ്ങളിലൊന്ന് ദേശീയപാതയുടെ ശോച്യാവസ്ഥയാണ്.
മുള്‍പ്പടര്‍പ്പുകളും കുറ്റിക്കാടുകളും ഈറ്റയും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ഡ്രൈര്‍മാര്‍ക്ക് റോഡിന്റെ ഗതിയറിയാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അപകടം നടന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തും അപകടം വര്‍ധിക്കാന്‍ കാരണമായി.
ഇതു സംബന്ധിച്ച് ദേശീയപാത അധികൃതര്‍ക്ക് വിവരങ്ങള്‍ നല്‍കിയാലും നടപടി സ്വീകരിക്കാന്‍ കൂട്ടാക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കൊച്ചി - മധുര ദേശീയ പാതയില്‍ നേര്യമംഗലം വനമേഖലയില്‍ അപകടത്തില്‍പ്പെട്ട വാഹനം ഇത്രയേറെ ദൂരത്തില്‍ പതിക്കുന്നത് കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ആദ്യ സംഭവമാണെന്ന് പൊലിസ് പറയുന്നു. നിയന്ത്രം വിട്ട് റോഡില്‍ നിന്നു കൊക്കയിലേക്ക് പതിച്ച വാഹനം അറുനൂറ് മീറ്ററിലേറെ ദൂരത്താണ് പതിച്ചത്.
റോഡില്‍ നിന്നു നോക്കിയാല്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന വാഹനം കാണാന്‍ കഴിയില്ലെന്നതും അപകടത്തിന്റെ തീഷ്ണത വെളിവാക്കുന്നതാണ്. വനമേഖലയുമായി ബന്ധപ്പെട്ടുള്ള രണ്ട് മലകളുടെ ഇടയിലൂടെയൊഴുകുന്ന ദേവിയാര്‍ പുഴയുടെ അടുക്കലാണ് അപകടത്തില്‍പ്പെട്ട വാഹനം കിടക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടുമെന്ന് കരുതാനാകാത്ത വിധമാണ് അപകടം. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് നാലുപേര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."