മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലെ പോരായ്മകള്‍ രോഗികളെയും ബന്ധുക്കളെയും ഡോക്ടര്‍മാരെയും ഒരുപോലെ വലയ്ക്കുന്നു. ചികിത്സ തേടിയെത്തുന്ന അസ്ഥിരോഗികളുടെ ബാഹുല്യം കാരണം വാര്‍ഡുകളില്‍ നിന്നുതിരിയാനിടമില്ലാത്ത സാഹചര്യമാണുള്ളത്. നാല് യൂനിറ്റുകളിലായി പുരുഷന്മാര്‍ക്ക് മൂന്നു വാര്‍ഡും സ്ത്രീകള്‍ക്ക് ഒരു വാര്‍ഡും മാത്രമാണുള്ളത്. ഇരുപതും ഇരുപത്തിരണ്ടും ബെഡുകളുള്ള വാര്‍ഡുകളില്‍ 150ലേറെ രോഗികളാണ് കിടത്തിച്ചികിത്സ തേടുന്നത്. ഗുരുതരമായി പരുക്കേറ്റവര്‍ ബെഡ് ഒഴിവില്ലാത്തതിനാല്‍ തറയില്‍ കിടക്കുന്ന ദയനീയ കാഴ്ചയാണ്. കമ്പി തുളച്ചും മണല്‍ച്ചാക്ക് കെട്ടിത്തൂക്കിയും ക്ലിപ്പുകളിട്ടുമൊക്കെ അസ്ഥിരോഗ വാര്‍ഡുകളില്‍ കഴിയുന്നവരുടെ രോദനം കേള്‍ക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ രോഗികള്‍ക്ക് വിഷമമുണ്ട്.
അത്യാഹിതങ്ങള്‍ സംഭവിച്ച് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാന്‍ ഒ.പി സമയം കഴിയുംവരെ കാത്തിരിക്കണം. അസ്ഥിരോഗ പഠനം ആധുനിക രീതിയിലാണെങ്കിലും പഠനം കഴിഞ്ഞ് പ്രാക്ടീസിനെത്തുന്നവര്‍ക്ക് പഴയ സമ്പ്രദായം തന്നെയാണ് ലഭ്യമാകുന്നത്. അപടകങ്ങളില്‍പ്പെട്ട് ഗുരുതരമായ പരുക്കേറ്റ് എത്തുന്നവര്‍ക്ക് ശസ്ത്രക്രിയാനന്തരം കൃത്രിമ ശ്വാസോച്ഛാസം നല്‍കാന്‍ ഒരു വെന്റിലേറ്റര്‍ പോലും ഈ വിഭാഗത്തിലില്ല.
നട്ടെല്ലിന് ഗുരുതര പരുക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രത്യേക ചികിത്സാവിഭാഗത്തിന്റെയും അഭാവമുണ്ട്. അസ്ഥിരോഗവിഭാഗത്തിന് ആഴ്ചയില്‍ രണ്ടുദിവസമാണ് അനസ്‌തേഷ്യ ടേബിള്‍ അനുവദിക്കുന്നത്. അസ്ഥിരോഗ വിഭാഗത്തിലേക്ക് ഓപറേഷന്‍ കമ്പി, ക്ലിപ്പുകള്‍ തുടങ്ങിയവ വാങ്ങുന്ന വകയില്‍ രോഗികളെ പരക്കെ ചൂഷണം ചെയ്യുന്നതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. പുറമെയുള്ള സ്വകാര്യ ഏജന്‍സികളാണ് ഇവയത്രയും തോന്നിയ വിലക്ക് ആളും തരവും നോക്കി വില്‍പന നടത്തുന്നത്. ഇതിന്റെ ഏജന്റുമാര്‍ ഈ വിഭാഗത്തിലെ ചിലരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."