സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്
ക്വാലാലംബൂര്‍: മലേഷ്യയിലെ ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ വിവാദ ഇന്ത്യന്‍ മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിനെ പൊലിസ് ചോദ്യംചെയ്തു. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക് വംശീയ പരാമര്‍ശം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇദ്ദേഹത്തെ മലേഷ്യന്‍ പൊലിസ് ചോദ്യം ചെയ്യുന്നത്.
10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനെ തുടര്‍ന്ന് രാജ്യത്ത് എവിടെയെങ്കിലും പൊതു പ്രഭാഷണം നടത്തുന്നതിന് നായിക്കിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നേരത്തെ ഏഴു സംസ്ഥാനങ്ങളില്‍ നായിക്കിന് പ്രഭാഷണം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും മതസാഹോദര്യത്തിനും വേണ്ടിയാണിതെന്ന് പൊലിസ് വിശദീകരിച്ചു.
മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയില്‍ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ് തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു. നായിക് രാജ്യത്ത് സ്ഥിരമായി തങ്ങാനുള്ള സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദ പ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നടന്ന ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് വിലക്ക്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച സാക്കിര്‍ നായിക് തന്നെ ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും മലേഷ്യയില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പരാമര്‍ശിക്കുക മാത്രമായിരുന്നു താനെന്നും പ്രതികരിച്ചു. വംശീയതയെ എതിര്‍ക്കുന്നയാളാണ് താന്‍. ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്. എന്‍.ഐ.എ ഇദ്ദേഹത്തെ വിട്ടുകിട്ടാനായി രണ്ട് തവണ ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കുകയായിരുന്നു. മലേഷ്യയിലെ കഴിഞ്ഞ സര്‍ക്കാറാണ് അദ്ദേഹത്തിന് സ്ഥിരതാമസം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."