അസൗകര്യങ്ങളില്‍ വീര്‍പ്പു മുട്ടുന്നു; പ്രതീക്ഷയറ്റ് തവനൂര്‍ പ്രതീക്ഷാഭവന്‍
എടപ്പാള്‍: സാമൂഹികനീതി വകുപ്പിനു കീഴിലുള്ള തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പ്രതീക്ഷാഭവനെ വീര്‍പ്പ് മുട്ടിക്കുന്നു. 50 പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍ 106 പേരാണ് താമസിക്കുന്നത്. എട്ടുപേര്‍ക്കായി ഒരുക്കിയ മുറിയില്‍ ഇപ്പോള്‍ 15 മുതല്‍ 20 പേര്‍ വരെയാണു കഴിയുന്നത്.
ഏതാനും വര്‍ഷം മുന്‍പ് തുറന്നുനല്‍കിയ പുതിയ കെട്ടിടത്തിലാണ് പ്രതീക്ഷാഭവന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ സ്ഥലസൗകര്യമില്ലാത്ത അവസ്ഥയാണ്. എട്ടു മുറികളാണ് തവനൂരിലെ കേന്ദ്രത്തിലുള്ളത്. അന്തേവാസികളുടെ എണ്ണം വര്‍ധിച്ചതോടെ പകുതിയിലധികം പേരും തറയിലാണ് കിടക്കുന്നത്. മാനസിക വികാസമെത്താത്ത പുരുഷന്‍മാരെ പുനരധിവസിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനത്തിലാണ് അന്തേവാസികള്‍ സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്നത്.
കെട്ടിടത്തിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ മുകള്‍നിലയില്‍ പുതിയ കെട്ടിടസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇതു സാധ്യമല്ലെന്നു വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അന്തേവാസികളുടെ പരിചരണത്തിനായി കേരള സാമൂഹിക സുരക്ഷാമിഷന്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 12 കെയര്‍ടേക്കര്‍മാരാണ് ഇപ്പോഴുള്ളത്.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ എവിടെയെങ്കിലും ഒരു പ്രതീക്ഷാഭവന്‍ കൂടി തുറന്ന് തെക്കന്‍ ജില്ലകളിലെ അന്തേവാസികളെ അങ്ങോട്ടേക്ക് മാറ്റണമെന്ന അഭിപ്രായവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."