പത്തനാപുരത്ത് പോരടിച്ച് സി.പി.എമ്മും സി.പി.ഐയും
50 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൊല്ലം: സി.പി.ഐക്കാര്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. സംഘര്‍ഷത്തിനിടെ സി.പി.എമ്മുകാരെ വളഞ്ഞിട്ട് പൊലിസ് തല്ലിയത് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പരസ്പരം പോരടിച്ച് നില്ക്കുന്ന സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. മത്സ്യം ഇറക്കുന്നതിനെ ചൊല്ലി സി.ഐ.ടി.യു, എ. ഐ.ടി.യു.സി സംഘടനകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കഴിഞ്ഞദിവസം രാത്രിയില്‍ വലിയ കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പൊലിസുകാര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് പൊലിസ് ജീപ്പും സ്വകാര്യ വാഹനങ്ങളും അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് അന്‍പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എട്ട് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അടുത്തിടെ സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച മത്സ്യമിറക്കുന്നത് സി.ഐ.ടി.യുവിന്റെ ടേണ്‍ ആയിരിക്കെ എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നവര്‍ ലോഡിറക്കാന്‍ ശ്രമിച്ചത് സി.ഐ.ടി.യുക്കാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇരു സംഘടനയുടെയും യുവജന - വിദ്യാര്‍ഥി വിഭാഗങ്ങള്‍ സ്ഥലത്ത് സംഘടിച്ചതോടെ സംഘംചേര്‍ന്നെത്തിയ സി.പി.എമ്മുകാര്‍ സി.പി.ഐ-എ.ഐ.ടി.യു.സി പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലി. ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന സി.പി.എം മണ്ഡലം സെക്രട്ടറി അടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഘര്‍ഷം ശക്തമായപ്പോഴായിരുന്നു പൊലിസ് ലാത്തിവീശിയത്. ഇതോടെ സി.പി.എമ്മുകാര്‍ ചിതറിയോടുകയും പൊലിസിന് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്തനാപുരം പൊലിസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകര്‍ത്തു. പൊലിസ് ബസിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുനലൂര്‍ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സംഘര്‍ഷത്തില്‍ 50 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പത്തനാപുരം പൊലിസ് കേസെടുത്തിട്ടുണ്ട്.
പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് പത്തനാപുരത്ത് പ്രതിഷേധ യോഗവും മാര്‍ച്ചു നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."