നിര്‍മാണതൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി
മുക്കം: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ക്ഷേമനിധി ബോര്‍ഡ് നിഷേധിക്കുന്നതായി പരാതി. ഇതിനെതിരേ വ്യാപക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ തൊഴിലാളി സംഘടനയായ കേരള ആര്‍ട്ടിസാന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. ക്ഷേമനിധി ബോര്‍ഡില്‍ മുടക്കം കൂടാതെ വര്‍ഷങ്ങളായി അംശാദായം അടച്ചു കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷം തുടര്‍ച്ചയായി അംഗത്വം പുതുക്കിയിട്ടില്ല എന്ന കാരണത്താല്‍ ലഭിക്കേണ്ട വിവാഹത്തിനുള്ള സാമ്പത്തിക ധനസഹായം നിഷേധിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
പല കാരണങ്ങളാല്‍ അംഗത്വം പുതുക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ക്ക് മാനുഷിക പരിഗണന വെച്ച് അവരുടെ അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കരുതെന്നും അംശാദായം 20 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഇതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ശക്തമായ സമരപരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് കൊല്ലിയില്‍ ഗംഗാധരന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.പി ബാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ സാമി, കെ.ടി ജന ദാസന്‍, കെ.സി കുഞ്ഞികേളപ്പന്‍, കെ.പി രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."