രാമജന്മഭൂമിയാണ് എന്നതിന് വസ്തുപരമായ തെളിവുണ്ടോയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: വിശ്വാസവും സാഹിത്യവുമല്ലാതെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലം രാമജന്‍മഭൂമിയായിരുന്നുവെന്നതിന് വസ്തുപരമായ തെളിവുണ്ടോയെന്ന് സുപ്രിം കോടതി. ബാബരി ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ വാദം നടക്കവെ രാംലല്ലയുടെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥനോടായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചോദ്യം.
വാദം തെളിയിക്കുന്ന മാപ്പുകളും വസ്തുക്കളുമുണ്ടെങ്കില്‍ സമര്‍പ്പിക്കൂ. അല്ലാതെ ഭൂമി തര്‍ക്കത്തില്‍ വിശ്വാസത്തിനും സാഹിത്യത്തിനും എന്തു പ്രസക്തിയെന്ന് ഗോഗോയ് ചോദിച്ചു.
ബാബരി നിലനിന്ന സ്ഥലത്ത് തന്നെയാണ് രാമജന്‍മഭൂമിയെന്നും ഹിന്ദുക്കളുടെ എക്കാലത്തെയും വിശ്വാസം അതു തന്നെയാണെന്നുമായിരുന്നു വൈദ്യനാഥന്റെ വാദം. രാമജന്‍മഭൂമിയെന്നാല്‍ വിശുദ്ധമാണ്. അവിടെ പ്രതിഷ്ഠയില്ലെങ്കിലും അത് ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലമാണ്. അവിടെ പള്ളി നിര്‍മിച്ച് അവരുടേതാണെന്ന് വാദിക്കാന്‍ പറ്റില്ല. അമ്പലം തകര്‍ത്താലും സ്ഥലത്തിന്റെ വിശുദ്ധി നഷ്ടപ്പെടില്ലെന്നും വൈദ്യനാഥന്‍ വാദിച്ചു.
വൈദ്യാനാഥന്റെ വാദം ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെ രാമജന്‍മഭൂമി പുനരുദ്ധാരണ സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.എന്‍ മിശ്ര വാദം തുടങ്ങി. ബാബരി പള്ളി നിര്‍മിച്ചത് ബാബറല്ലെന്ന് മിശ്ര വാദിച്ചു. ബാബരി മസ്ജിദ് പണിതത് ബാബറാണോ അല്ലയോ എന്നതല്ല അവിടെ പള്ളിയുണ്ടായിരുന്നോ ഇല്ലയോ എന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രശ്‌നമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ ഡി.വൈ ചന്ദ്രചൂഡ് മറുപടി പറഞ്ഞു.
വാല്‍മീകി രാമായണത്തിലും സ്‌കന്ദപുരാണയിലും അവിടെ രാമജന്‍മഭൂമിയാണെന്ന് പറയുന്നുണ്ടെന്നും ഈ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും മിശ്ര വാദിച്ചു.
മിശ്രയുടെ വാദത്തിനിടെ ഇടപ്പെട്ട കോടതി വാദം പിന്നീട് കേള്‍ക്കാമെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വി.എന്‍ സിന്‍ഹയുടെ വാദം കേള്‍ക്കാമെന്നും അറിയിച്ചു. കേസില്‍ ഇന്നും വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."