സഊദിയില്‍ ബഖാലകളില്‍ സിഗരറ്റ് വില്‍പനക്ക് നിരോധനം
ജിദ്ദ: സഊദിയില്‍ നൂറു ചതുരശ്രമീറ്ററില്‍ കുറവുള്ള ചെറുകിട ബഖാലകളില്‍ സിഗരറ്റ് വില്‍പനക്ക് നിരോധനം. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നിയമാവലിയിലാണ് ഇക്കാര്യമുള്ളത്. 100 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള മിനിമാര്‍ക്കറ്റുകളിലും 500 ചതുരശ്രമീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും മാത്രമാണ് സിഗരറ്റ് അടക്കമുള്ള പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടുള്ളൂ.
ചെറിയ ബഖാലകളുടെ വിസ്തീര്‍ണം 24 ചതുരശ്രമീറ്ററില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ചില ബഖാലകള്‍ സിഗരറ്റ് വില്‍പ്പന മാത്രമാണ് നടത്തുന്നത്. കൗമാരക്കാരും കുട്ടികളും ബഖാലകളെയാണ് സിഗരറ്റുകള്‍ക്ക് വേണ്ടി സമീപിക്കുന്നത്. ആയിരക്കണക്കിന് ബഖാലകള്‍ വിവിധ പ്രവിശ്യകളില്‍ ക്രമരഹിതമായി പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം പറയുന്നു.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ വ്യവസ്ഥകള്‍ മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം പരിഷ്‌കരിക്കുകയായിരുന്നു.
ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഹെല്‍ത്ത് കാര്‍ഡ് യൂനിഫോമില്‍ തൂക്കലും നിര്‍ബന്ധമാണ്.
പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമാവലി ബാധകമായിരിക്കും. എന്നാല്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമാവലി അനുസരിച്ച് പദവി ശരിയാക്കുന്നതിന് 24 മാസത്തെ സാവകാശം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."