ഒടുവില്‍ മഞ്ചേരിയിലെ പരസ്യം നീക്കി
മഞ്ചേരി: സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡ് നീക്കം ചെയ്തു. പരസ്യബോര്‍ഡ് സ്ഥാപിച്ച് തങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞ പരസ്യകമ്പനിയുടെ ഉടമക്കെതിരെ ഒടുവില്‍ പരസ്യമായി നടപടി സ്വീകരിച്ച് മഞ്ചേരി നഗരസഭ. നഗരസഭയെ കബളിപ്പിച്ചു പാണ്ടിക്കാട് റോഡിലെ സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച അനധികൃത പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ തൊഴിലാളികള്‍ രാഷ്ട്രീയ സമ്മര്‍ദ്ധത്തിന്റെ ഭാഗമായി ബോര്‍ഡില്‍ തൊടാതെ സ്ഥലം വിട്ടത് വിവാദമായിരുന്നു. ഇതോടെയാണ് നഗരസഭ അധികൃതര്‍ പരസ്യം പൂര്‍ണമായും നീക്കം ചെയ്തത്. പരസ്യ ഇനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ പറഞ്ഞിരുന്നെങ്കിലും നടപ്പാകാതിരുന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2013ലാണ് നഗരത്തിലെ അഞ്ച് ഭാഗങ്ങളിലായി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ പരസ്യകമ്പനിക്ക് കരാര്‍ നല്‍കിയത്. രേഖയില്ലാതെ വാക്കാല്‍ നല്‍കിയ കരാര്‍ ആയിരുന്നു ഇതെന്നാണ് ആരോപണം. പരസ്യബോര്‍ഡ് നീക്കം ചെയ്‌തെങ്കിലും എത് സമയവും അപകടം വരുത്തിവക്കാവുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ നഗരസഭക്ക് സാധിച്ചിട്ടില്ല. ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ എത്തിയ കരാറുകാര്‍ പറയുന്ന വലിയതുക നല്‍കാന്‍ നഗരസഭ തയ്യാറാവാതിരിക്കുന്നതാണ് പരസ്യ ടവര്‍ നീക്കം ചെയ്യുന്നതിന് തടസമാകുന്നത്. 35000 മുതല്‍ മുകളിലേക്കാണ് കരാറുകാര്‍ പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. പരസ്യ ടവര്‍ നീക്കം ചെയ്യാന്‍ ഇത്രയും തുക ചെലവഴിക്കാന്‍ നഗരസഭക്ക് സാധിക്കില്ല. ഇതോടെ കുറഞ്ഞ തുകക്ക് ടവര്‍ നീക്കം ചെയ്യാന്‍ സന്നദ്ധരാകുന്ന തൊഴിലാളികളെ തേടുകയാണ് അധികൃതര്‍. പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ പേരില്‍ കൂറ്റന്‍ പരസ്യ ടവര്‍ വലിയ അപകടഭീഷണി ഉയര്‍ത്തുകയാണ്. ശക്തമായ കാറ്റ് വീശി ബോര്‍ഡ് നിലം പതിച്ചാല്‍ വലിയ ദുരന്തമാകും ഉണ്ടാകുക. ശാസ്ത്രീയ പഠനം നടത്താതെയാണ് ലൈറ്റ് ടവറില്‍ കുറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പരസ്യബോര്‍ഡ് റോഡിലേക്കുവീണാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന നഗരത്തില്‍ ഇത് ഒരു ദുരന്തകാഴ്ചയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."