നിയമസഭ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള നിയമസഭയുടെ 2019ലെ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യമാധ്യമവിഭാഗങ്ങളിലായി ആറ് അവാര്‍ഡുകളാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപിച്ചത്.
ആര്. ശങ്കരനാരായണന് തമ്പി നിയമസഭ മാധ്യമപുരസ്കാരത്തിന് അച്ചടി മാധ്യമവിഭാഗത്തില്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'ചില മലയാളം കഥകള്‍' എന്ന സൃഷ്ടിക്ക് ജോണി ലൂക്കോസ് അര്‍ഹനായി. ഈ വിഭാഗത്തിലെ ദൃശ്യമാധ്യമപുരസ്കാരം മനോരമ ന്യൂസിലെ വിനു മോഹനന് നേടി. സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച 'മാന്തോപ്പുകളിലെ വിഷമരണങ്ങള്‍' എന്ന സൃഷ്ടിക്ക് രേഖാചന്ദ്രയും പീപ്പിള്‍ ടി.വിയില്‍ സംപ്രേഷണം ചെയ്ത 'ബുള്ളറ്റ്, പെല്ലറ്റ്, ടെര്‍മൈറ്റ്.. സംഘര്‍ഷ മേഖലയിലെ കുട്ടികളിലൂടെ' എന്ന പരിപാടിക്ക് കെ. രാജേന്ദ്രനും ഇ.കെ നായനാര്‍ മാധ്യമപുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. മികച്ച നിയമസഭാ റിപ്പോര്‍ട്ടിങിനുള്ള ജി. കാര്ത്തികേയന് മാധ്യമ പുരസ്കാരങ്ങള്‍ക്ക് മാതൃഭൂമി ദിനപ്പത്രത്തിലെ എസ്.എന്‍ ജയപ്രകാശും മാതൃഭൂമി ന്യൂസിലെ സീജി. ജി.എസും അര്‍ഹരായി. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും.
ഡോ.ജെ. പ്രഭാഷ് ചെയര്‍മാനും ആര്.എസ് ബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജേക്കബ് ജോര്‍ജ്, ഡോ.ഖദീജ മുംതാസ്, സി.ജോസ് (മെമ്പര്‍ സെക്രട്ടറി) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്.
നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ അഞ്ചാം ബാച്ചിന്റെ പരീക്ഷാഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു.
ആര്. അനില, അഹിജിത്ത് ബി. ലാല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി. മൂന്നാം റാങ്ക് ആര്.ജി ദേവിപ്രിയ, ഗീതു പ്രകാശ് എന്നിവര്‍ പങ്കിട്ടു. നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണിക്കൃഷ്ണന് നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."