കശ്മിര്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്ക് എന്തു പ്രസക്തിയെന്ന് ഇമ്രാന്‍ഖാന്‍
ഇസ്‌ലാമാബാദ്: കശ്മിര്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നു വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. ചര്‍ച്ചകളൊക്കെ മുന്‍പുതന്നെ താന്‍ നടത്തിയതാണെന്നും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നും സൂചിപ്പിച്ച പാക് പ്രധാനമന്ത്രി, ഇന്ത്യന്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുന്‍പും ശേഷവും താന്‍ ചര്‍ച്ചകള്‍ക്കു ശ്രമിച്ചു. എന്നാല്‍ അവയൊക്കെയും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രീണനത്തിനായി ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
കശ്മിരിനു പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ഇന്ത്യന്‍ നീക്കത്തിനെതിരേ നേരത്തേയും ഇമ്രാന്‍ഖാനും പാകിസ്താനും ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയം അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കുമെന്ന പാകിസ്താന്റെ പ്രസ്താവനയ്ക്ക് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ചൈനയുടെ പിന്തുണയോടെ വിഷയം യു.എന്‍ രക്ഷാസമിതിയില്‍ പാകിസ്താന്‍ ഉന്നയിച്ചെങ്കിലും രക്ഷാസമിതിയിലെ മറ്റു രാജ്യങ്ങള്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കട്ടേയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതോടെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ തീരുമാനിച്ചിരുന്നത്. വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."