ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കി വാഹന വകുപ്പ്
പാലക്കാട്: ജില്ലയില്‍ വാഹനപരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയായി ജില്ലയില്‍ വിവിധ വകുപ്പുകളിലായി രജിസ്റ്റര്‍ ചെയ്തത് അറുനൂറോളം കേസുകളാണ്. സെപ്റ്റംബര്‍ മാസത്തില്‍ ജില്ലയില്‍ 1,008 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ലയിലെ വിവിധ സ്‌കൂളുകളുടെ പരിസരങ്ങളില്‍ സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരും ഉള്‍പ്പെടെ ജില്ലയില്‍ രണ്ട് ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ടീമും വിവിധ സ്ഥലങ്ങളിലായി എല്ലാ ദിവസവും സജീവമാണെന്ന് ആര്‍.ടി.ഒ ടി.സി വിനേഷ് അറിയിച്ചു. വിദ്യാര്‍ഥികളെ കയറ്റാതെ പോവുകയോ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡോര്‍ തുറന്ന് വച്ച് ഓടിക്കുന്ന ബസുകള്‍, സ്റ്റോപില്‍ നിര്‍ത്തി ആളുകളെ കയറ്റാത്ത ബസുകള്‍, ഫിറ്റ്‌നസ് ഇല്ലാതെ ഓടുന്നവ, പെര്‍മിറ്റ്, കാലാവധി എന്നിവ തീര്‍ന്ന ബസുകള്‍ക്കെതിരേയും നടപടികള്‍ എടുത്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് ധാരാളമായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ദേശീയപാതകളില്‍ എതിര്‍ ദിശയില്‍ വാഹനം ഓടിക്കുക, ഹെല്‍മറ്റ്്, ലൈസന്‍സ് എന്നിവ ഇല്ലാതെയും അപകടകരമായും ഓടിക്കുക, രജിസ്റ്റര്‍ നമ്പര്‍ തെറ്റായി പ്രദര്‍ശിപ്പിക്കുകയും വാഹനത്തിന് രൂപമാറ്റം വരുത്തുകയും ചെയ്യുക, റിയര്‍ വ്യൂ മിറര്‍ ഇല്ലാതെ ഓടിക്കുക എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ നിയമനടപടി സ്വീകരിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലായി ജില്ലയില്‍ 737 ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. 90 ഡെസി ബെല്ലിന് മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നതും അമിതമായ രീതിയില്‍ ലേസര്‍ ലൈറ്റുകള്‍, സ്‌പോട്ട് ലൈറ്റുകള്‍, റൊട്ടേറ്റിങ് ലൈറ്റുകള്‍, സ്റ്റീരിയോ സ്പീക്കര്‍, ഡി.ജെ, സൗണ്ട് ബ്ലാസ്റ്റ് സിസ്റ്റം തുടങ്ങിയവ ഘടിപ്പിച്ചതുമായ മുന്നൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അഴിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുള്ള ബസുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഉാര്‍ജിതമാക്കിയതായും ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."