താന്‍ കുടിക്കാത്ത സാധനം മറ്റുള്ളവര്‍ക്കായി നിര്‍ദ്ദേശിക്കില്ലെന്ന് കോഹ്ലി, പെപ്സിക്കോയുമായുള്ള കരാര്‍ പുതുക്കില്ല
ന്യൂഡല്‍ഹി: പെപ്സിക്കോയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ആറുവര്‍ഷത്തേക്കുള്ള കരാര്‍ പുതുക്കുന്നതില്‍ നിന്ന് പിന്മാറുന്നതോടെ കോടിക്കണക്കിന് രൂപയാണ് താരത്തിന് നഷ്ടമാവുന്നത്. ജൂണ്‍ 30ഓടെ താരം കമ്പനിയുമായുള്ള നിലവിലെ കരാര്‍ അവസാനിക്കുകയാണ്.
താന്‍ കുടിക്കാത്ത സാധനം മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്കിയ അഭിമുഖത്തില്‍ കോഹ്ലി പറഞ്ഞു. ''ഞാന്‍ ശീതള പാനിയങ്ങള്‍ കുടിക്കാറില്ല. എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് ശരിയല്ല'' കോഹ്ലി വ്യക്തമാക്കി.
ടിട്വന്റിയില്‍ ഒന്നാം റാങ്കും ഏകദിനത്തില്‍ മൂന്നാം റാങ്കും ടെസ്റ്റില്‍ അഞ്ചാം റാങ്കുമുള്ള കോഹ്ലി ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അതുകൊണ്ടുതന്നെയാണ് പരസ്യ കമ്പനികള്‍ കോഹ്ലിയെ മോഡലാക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ മഹേന്ദ്ര സിങ്ങ് ധോനിയായിരുന്നു പെപ്സികോയുടെ പരസ്യമോഡല്‍. കരാര്‍ 11 വര്‍ഷം നീണ്ടു നിന്നു.
നേരത്തെ ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ സ്റ്റാറായിരുന്ന ഗോപീചന്ദും ഇത്തരം ഉത്പന്നങ്ങളുടെ പരസ്യം ഉപേക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."