ഹര്‍ത്താല്‍ മറവില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
മണ്ണാര്‍ക്കാട്: ഹര്‍ത്താല്‍ മറവില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ബുധനാഴ്ച്ച രാത്രി കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിലെ മുന്‍വശത്തെ രണ്ട് ജനാലകള്‍ ഉള്‍പ്പെടെ മൂന്ന് ജനല്‍ ചില്ലകളാണ് അക്രമികള്‍ ഇരുട്ടിന്റെ മറവില്‍ പൂര്‍ണമായും തകര്‍ത്തത്.
സമാനരീതിയില്‍ ഹര്‍ത്താല്‍ ദിവസം പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടവും ഹര്‍ത്താലനുകൂലികള്‍ എന്ന് സംശയിക്കുന്നവര്‍ തകര്‍ത്തിരുന്നു. ആശുപത്രി തുറക്കാന്‍ വന്ന ജീവനക്കാരെ ചിലര്‍ ചേര്‍ന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ തിരികെ പോവുകയാണുണ്ടായത്. ഇന്നലെ ആശുപത്രി തുറക്കാന്‍ വന്ന ജീവനക്കാര്‍ കാണുന്നത് തല്ലി തകര്‍ത്ത ജനാലകളാണ്. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശംസുദ്ധീന്‍ പൊലിസില്‍ പാരാതി നല്കി.
കൂടാതെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ബുധനാഴ്ച്ച രാത്രി 10 മണിക്ക്് കോഴിക്കോടുനിന്നും പാലക്കാട്ടേക്ക് യാത്രക്കാരുമായി വന്നിരുന്ന ബസിന് നേരെ നൊട്ടന്മലയില് അക്രമികള്‍ കല്ലെറിയുകയായിരുന്നു. മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ബൈക്കിലെത്തിയ സംഘം ബസ് കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെടുകയും ഡ്രൈവര്‍ക്ക് നേരെ കല്ലെറിയുകയുമായിരുന്നു. ശേഷം അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പാലക്കയത്തുനിന്ന് മണ്ണാര്‍ക്കാട് ഡിപ്പോയിലേക്ക് വരും വഴി കാഞ്ഞിരത്തുവച്ചാണ് പാലക്കയത്തുനിന്നും കോട്ടയം പോകുന്ന ബസിനു നേരെ അക്രമം ഉണ്ടായത്. പിന്‍വശത്തെ ഗ്ലാസിനു നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."