കിരീടമോഹവുമായി ഗോകുലം
കൊല്‍ക്കത്ത: ഇന്ന് കൊല്‍ക്കത്തയിലെ പച്ചപ്പുല്‍മൈതാനം ആനന്ദത്തിമിര്‍പ്പിലാണ്, ഗോകുലം എഫ്.സിയെന്ന ന്യൂജന്‍ ടീമും പഴമയുടെ പര്യായമായ മോഹന്‍ ബഗാനും ഡ്യൂറന്റ് കപ്പിനായി കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ കളിയാരവത്തിന്റെ മറ്റൊരു ശൈലി തന്നെ സാക്ഷ്യം വഹിക്കാന്‍ താനുണ്ടാകും എന്നതു തന്നെ കാരണം.
ഏഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ ഫുട്‌ബോള്‍ മാമാങ്കമായ ഡ്യൂറന്റ് കപ്പില്‍ മുത്തമിടാന്‍ കേരളത്തിന്റെ സ്വന്തം ടീം ഗോകുലം കേരള എഫ്.സിക്ക് ഇനി ഒരു ജയത്തിന്റെ അകലം മാത്രം. ടൂര്‍ണമെന്റിനോളം പഴക്കമുള്ളതും ഏറ്റവും കൂടുതല്‍ തവണ കിരീടം പങ്കിട്ടതുമായ ചിരവൈരികളായ മോഹന്‍ ബഗാനാണ് ഫൈനലില്‍ ഗോകുലത്തിന്റെ എതിരാളികള്‍. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ ജീവനാഡിയെന്നറിയപ്പെടുന്ന കൊല്‍ക്കത്തയിലെ സാല്‍ട്ട്‌ലേക്ക് സ്റ്റേഡിയത്ത് വൈകിട്ട് ആറു മണിക്കാണ് മത്സരം. ഇന്ത്യന്‍ ഫുട്‌ബോളിലെ മഹാരഥന്‍മാര്‍ പന്ത് തട്ടിയ മോഹന്‍ ബഗാന്‍, ടീമിന്റെ തനിമക്ക് കളങ്കം വരുത്താതെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ അവരുടെ തട്ടകത്തില്‍, അവരുടെ പ്രേമികള്‍ക്ക് മുന്‍പില്‍ അട്ടിമറിച്ച് കിരീടം കൈക്കലാക്കാന്‍ ഗോകുലത്തിന് വിയര്‍ക്കേണ്ടി വരും. എങ്കിലും, സീസണില്‍ ടൂര്‍ണമെന്റിലെ ഗോള്‍ മെഷീന്‍ മാര്‍ക്കസ് ജോസഫിന്റെ അപാര ഫോം ടീമിന് കിരീടത്തില്‍ കുറഞ്ഞ പ്രതീക്ഷ നല്‍കുന്നില്ല. കഴിഞ്ഞ പോരാട്ടങ്ങളിലെല്ലാം എതിരാളികളുടെ അന്തകനായി മാറിയ മാര്‍ക്കസ് ജോസഫ് തന്നെയാവും മോഹന്‍ ബഗാന്റെ പേടിസ്വപ്നം. മൂന്ന് കളികളില്‍ നിന്നായി ഒന്‍പതു ഗോളുമായി ഗോള്‍ സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരം.
കൂടാതെ, ഗോള്‍ മുഖത്തേക്ക് പാഞ്ഞു വരുന്ന ഷോട്ടുകളെ നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കുന്ന സി.കെ ഉബൈദും അവസാന അങ്കത്തിനിറങ്ങുമ്പോള്‍ ഗോകുലത്തിന്റെ ആത്മ വിശ്വാസം ഇരട്ടിയാക്കുന്നു. ഒപ്പം മുന്നേറ്റത്തില്‍ ചരടുവലിക്കാനായി ഹെന്റി കിസീക്കയും ബ്രൂണോ പെലിസ്സാരിയും കൂടി ഒത്തൊരുമിക്കുന്നതോടെ ഗോകുലത്തിന്റെ കിരീടമോഹത്തിന് ജീവന്‍വയ്ക്കും. എതിരാളിയുടെ ഒരോ ഗോളും പോസ്റ്റിനുള്ളിലേക്ക് ലക്ഷ്യം വയ്ക്കുമ്പോഴും തട്ടിയകറ്റി ടീമിന്റെ സൂപ്പര്‍മാനായ മലയാളി ഉബൈദിന്റെ തനി സ്വരൂപം സെമിയില്‍ കണ്ടതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോകുലം വെറും ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത് എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഗോകുലം കേരളയുടെ പ്രതിരോധശക്തി അളക്കല്‍ എത്ര എളുപ്പം. എന്നാല്‍ അടിച്ചതാവട്ടെ 11 ഗോളുകളും. ഇതില്‍ മുന്‍ ഐ.എസ്.എല്‍ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിയും ഉള്‍പ്പെടും.
എതിരാളികളുടെ കാല്‍ ചുവടുകള്‍ പിഴയ്ക്കാനുള്ള കോട്ട കെട്ടിയുള്ള പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടീം പുറത്തെടുത്തത്. ഇന്നും അതികായന്‍മാരായ മോഹന്‍ ബഗാനെതിരേ അത് തുടരാനുള്ള ഒരുക്കത്തിലാണ് ഗോകുലത്തിന്റെ പ്രതിരോധപ്പട.
അതേസമയം, ഇന്ന് നടക്കുന്ന ഫൈനലില്‍ വെന്നിക്കൊടി നാട്ടാനായാല്‍ 17 കിരീടവുമായി ഡ്യൂറന്റ് കപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന ഖ്യാതി മോഹന്‍ ബഗാന് സ്വന്തമാക്കാം. നിലവില്‍ 16 കിരീട നേട്ടമുള്ള മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമാണ് കിരീടപ്പട്ടികയില്‍ അമരക്കാര്‍. അവസാനമായി 2000ലാണ് മോഹന്‍ ബഗാന്‍ കിരീടം ചൂടിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷം ഫൈനലിലെത്തിയെങ്കിലും ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് പരാജയപ്പെട്ടു.
1997ല്‍ എഫ്.സി കൊച്ചിന്‍ കേരളത്തിന്റെ ഫുട്‌ബോള്‍ അഭിമാനം ഡ്യൂറന്റ് കപ്പിലൂടെ ഉയര്‍ത്തിയതിന് ശേഷം രണ്ടാമതൊരു കിരീടം കൈരളിക്കരയില്‍ എത്തിക്കാന്‍ ഇന്ന് ഗോകുലം എഫ്.സി നേരിടുന്നതും അതേ എതിരാളികളെ തന്നെ. ചരിത്രം വീണ്ടും ആവര്‍ത്തിച്ചാല്‍ രണ്ടാം കിരീടവുമായി കേരളത്തിന് ആഘോഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."