പന്തുരുളുക കൊച്ചിയില്‍
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കി ഐ.എസ്.എല്‍ ആറാം സീസണിന്റെ കിക്കോഫിനു കൊച്ചി വേദിയാകും. കഴിഞ്ഞ സീസണിലെ തിരിച്ചടികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പുതിയൊരു തുടക്കം ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കുടുതല്‍ പ്രതീക്ഷ നല്‍കുന്നതായിരിക്കും കൊച്ചിയിലെ തുടക്കം. ഒക്ടോബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍.
കലൂര്‍ ജലഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് കിക്കോഫ്. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടതും എ.ടി.കെയെയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും നേര്‍ക്കുനേര്‍ ഉദ്ഘാടന മത്സരത്തില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഒക്ടോബര്‍ 24ന് കൊച്ചിയില്‍ തന്നെ മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ്. അഞ്ച് മാസം നീളുന്ന ലീഗിന്റെ ഫൈനല്‍ മത്സരം മാര്‍ച്ച് ആദ്യവാരത്തിലാണ്. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക.
രാജ്യാന്തര മത്സരങ്ങളുള്ളതിനാല്‍ നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. ഖത്തര്‍ ലോകകപ്പിന്റെ രണ്ടു യോഗ്യതാ മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടും. 2020 ഫെബ്രുവരി 23നാണ് ലീഗ്ഘട്ടം അവസാനിക്കുന്നത്.
നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്.സിയുടെ ആദ്യമത്സരം ഒക്ടോബര്‍ 21ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായിട്ടാണ്. ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങള്‍. വാരാന്ത്യങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന കഴിഞ്ഞ തവണത്തെ രീതി ഇത്തവണ മാറ്റി. മിക്ക ദിവസങ്ങളിലും തുടര്‍ച്ചയായി മത്സരമുണ്ട്. നവംബര്‍ മൂന്ന് വരെയുള്ള ആദ്യ മൂന്ന് റൗണ്ടില്‍ ഇടവേളയില്ലാതെയാണ് 15 മത്സരങ്ങളും അരങ്ങേറുക. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ സീസണില്‍ കളിച്ച പത്ത് ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. എഫ്.സി പൂനെ സിറ്റി പേര് മാറ്റി കളത്തിലിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക ഫിക്‌സ്ചറില്‍ ആ മാറ്റമില്ല.
ശക്തമായ തിരിച്ചുവരവിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. അടിമുടി മാറ്റത്തോടെ ഇറങ്ങുന്ന ടീം യു.എ.ഇയിലാണ് സന്നാഹമൊരുക്കുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25ന് ടീം കൊച്ചിയില്‍ ഒത്തുചേരും. മാസാവസാനം യു.എ.ഇയിലേക്ക് പുറപ്പെടും. നോര്‍ത്ത് ഈസ്റ്റ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയാണ് ടീം പരിശീലകന്‍. നെലോ വിന്‍ഗാദക്ക് പകരമായാണ് ഷറ്റോരിയുടെ നിയമനം. അസി. കോച്ചായിരുന്ന തോങ്‌ബോയ് സിങ്‌തോയെയും ടീം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."