ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മുഖം മിനുങ്ങാതെ മുറിഞ്ഞമാട്
അരീക്കോട്: വിനോദ സഞ്ചാരത്തിന് നിരവധി സാധ്യതകള്‍ നിറഞ്ഞ കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ മുറിഞ്ഞമാട് ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. പദ്ധതി തുടങ്ങിയിടത്ത് തന്നെ നില്‍ക്കാന്‍ അധികൃതര്‍ കാരണം പറയുന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ പ്രളയക്കെടുതിയാണ്. എന്നാല്‍ മന്ത്രിയും എം.എല്‍.എയും ടൂറിസം വകുപ്പ് അധികൃതരും മുറിഞ്ഞമാട്ടില്‍ സന്ദര്‍ശനം നടത്തിയത് ഒഴിച്ചാല്‍ പദ്ധതിക്കായി കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ചാലിയാറിന്റെ തീരത്ത് 40 ഏക്കര്‍ വിശാലമായ സ്ഥലത്ത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാവാന്‍ വലിയ സാധ്യതയാണ് മുറിഞ്ഞമാടിനുള്ളത്. പച്ചപ്പ് നിറഞ്ഞ ഇവിടം വിനോദ സഞ്ചാര മേഖലയാക്കാന്‍ വര്‍ഷങ്ങളായി ശ്രമങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും ഇത് വരെ ഫലവത്തായിട്ടില്ല. ടൂറിസം മേഖലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ കിഴുപറമ്പ് ഗ്രാമ പഞ്ചായത്തും 10 ലക്ഷം രൂപ അരീക്കോട് ബ്ലോക് പഞ്ചായത്തും നീക്കി വെച്ചിരുന്നു. എന്നാല്‍ പ്രളയം ഉണ്ടായതോടെ ഈ തുക വിനിയോഗിക്കാനാവാത്ത അവസ്ഥയിലാണ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ 2017 നവംബര്‍ 27 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുറിഞ്ഞമാട് സന്ദര്‍ശിച്ചിരുന്നു. ഇതോടെ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 32 ഏക്കര്‍ സ്ഥലമാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഉദ്ധേശിച്ചിരുന്നത്. ചാലിയാറിന്റെ മുഖം മിനുക്കാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വലിയ പദ്ധതികളായിരുന്നു തയാറാക്കിയിരുന്നത്. ബോട്ടിങ്ങ്, സിമ്മിങ്ങ് പൂള്‍, ജട്ടിങ്ങ്, പൂന്തോട്ടം, പാര്‍ക്ക് തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ചീക്കോട് പഞ്ചായത്തില്‍ നിന്ന് പുഴക്ക് മുകളിലൂടെ നടന്ന് മുറിഞ്ഞമാടിലെത്തുന്ന പദ്ധതിയും ആലോചിക്കുന്നതായും കിഴുപറമ്പ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു.
നല്ല മഴക്കാലത്തും മുറിഞ്ഞമാട് തുരുത്തിലെ ഉയര്‍ന്ന ഭാഗങ്ങള്‍ വെള്ളം കയറാതെ നില്‍ക്കുമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. പദ്ധതി നടപ്പാക്കിയാല്‍ നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെങ്കിലും അധികൃതര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."