അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
തിരുവനന്തപുരം: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവവും മന്ത്രി കടകംപള്ളി രാമചന്ദ്രനും അനുശോചനം രേഖപ്പെടുത്തി.
വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബി.ജെ.പി. രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‌ലിയെന്നും താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയായിരുന്നുവെന്നും കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്‌ലിയോടൊപ്പം ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. സ്വാതന്ത്ര്യാനന്തര തലമുറയിലെ പ്രഗല്‍ഭനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അഗാധമായ നിയമജ്ഞാനവും പാര്‍ലമെന്ററി മികവും നേതൃശേഷിയും കൊണ്ട് ഏവരുടെയും ആദരം പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനും ഭരണാനൈപുണ്യമുള്ള വ്യക്തിയുമായിരുന്നു അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെന്ന് മുസ്‌ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അനുശോചനം രേഖപ്പെടുത്തി. കേരള ബി.ജെ.പി ഘടകത്തോട് എന്നും പ്രത്യേക താല്‍പര്യം പുലര്‍ത്തിയ ദേശീയ നേതാക്കളിലൊരാളായിരുന്നു ജെയ്റ്റ്‌ലിയെന്നും ശ്രീധരന്‍പിള്ള അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."