നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ ഉയര്‍ത്തി തൊഴില്‍ മന്ത്രാലയ ഉത്തരവ്
ജിദ്ദ: സഊദിയില്‍ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ ഉയര്‍ത്തി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. തൊഴില്‍ നിയലംഘനങ്ങള്‍ കുറച്ചു കൊണ്ട് വരികയാണ് ലക്ഷ്യം. സ്വദേശീവല്‍ക്കരണം വനിതാവല്‍ക്കരണം തുടങ്ങിയവ കാര്യക്ഷമമാക്കുക, തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കുന്നത്.
തൊഴില്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചതായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം സ്വദേശികളെ നിയമിക്കേണ്ട തസ്തികകളില്‍ വിദേശികളെ നിയമിച്ചാല്‍ ഒരാള്‍ക്ക് ഇരുപതിനായിരം റിയാല്‍ എന്ന തോതില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും.
വനിതകളെ നിയമിക്കേണ്ട സ്ഥാനത്ത് പുരുഷന്മാരെ നിയമിച്ചാല്‍ പതിനായിരം റിയാലായിരിക്കും പിഴ.
കൂടാതെ സ്ഥാപനം ഒരു ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും. സഊദികള്‍ ജോലി ചെയ്യുന്നതായി വ്യാജരേഖ ചമച്ച് മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാല്‍ ഇരുപത്തി അയ്യായിരം റിയാല്‍ പിഴ ചുമത്തുകയും സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും.
തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തൊഴില്‍ കരാര്‍ ഒപ്പുവച്ചില്ലെങ്കില്‍ സ്ഥാപനത്തിന് അയ്യായിരം റിയാല്‍ പിഴ ചുമത്തും.
ശമ്പളം തടഞ്ഞുവച്ചാലും അയ്യായിരം റിയാല്‍ പിഴ ഈടാക്കും. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശംവച്ചാല്‍ ഒരു പാസ്‌പോര്‍ട്ടിന് രണ്ടായിരം റിയാല്‍ പിഴ ചുമത്തും. തൊഴിലാളികളുടെ ശമ്പളം മെഡിക്കല്‍ റിപ്പോര്‍ട്ട് തുടങ്ങിയവയുടെ രേഖകള്‍ സൂക്ഷിക്കുക, തൊഴില്‍ കരാറില്‍ അറബ് ഭാഷ ഉപയോഗിക്കുക, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തിയാലും അയ്യായിരം റിയാല്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."