ട്രോളിങ് നിരോധനം എത്തും മുമ്പേ മത്സ്യത്തിന് പൊന്നുവില
കൊച്ചി: ട്രോളിങ് നിരോധനത്തിന് ഒരാഴ്ച കൂടി ബാക്കിനില്‍ക്കെ മത്സ്യത്തിന് പൊന്നുവില. ബീഫിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്ക് 160 മുതലാണ് വില. അയലക്ക് കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ 200 രൂപയിലധികമായിരുന്നു കിലോ വില. വലുപ്പമുള്ള കിളിമീന് 300 രൂപയായിരുന്നുവെങ്കില്‍ വറ്റക്ക് 400 രൂപയിലധികമായി വില.
കടലില്‍ മീന്‍ കുറവാണെന്നും കനത്ത കാറ്റ് കാരണം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്നില്ലെന്നുമാണ് മീന്‍പിടുത്തക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈപ്പിനില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയവര്‍ കാറ്റ് ശക്തമായതോടെ വലയെറിയാനാകാതെ മടങ്ങി. വന്‍തോതില്‍ മത്തിക്കൂട്ടം കണ്ട് വലയെറിയാന്‍ ഒരുങ്ങവെയാണ് കാറ്റ് കനത്തത്. വെറും കൈയോടെ തിരിച്ചതിനാല്‍ പുറംകടലില്‍ ഏറെ ദൂരം വള്ളം പോയതിന്റെ ഇന്ധനച്ചെലവ് കൈയില്‍ നിന്നു പോയി.
പൊള്ളുന്ന മീന്‍ വില ഭയന്ന് മാംസം വാങ്ങാമെന്ന് കരുതിയാല്‍ അവിടെ അതിനേക്കാള്‍ മോശമാണ് കാര്യങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബീഫിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.
കേരളാ സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയിട്ടില്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളുമായി ലോഡ് വരുന്നില്ല. ഇപ്പോള്‍ കുറച്ചെങ്കിലും ലഭ്യമാകുന്ന നാടന്‍ കന്നുകാലികളെയാണ് അറുക്കുന്നതെന്നും ഇത് ഏറെ നാളേത്തേക്കൊന്നും ലഭ്യമാകില്ലെന്നും എറണാകുളത്തെ ഇറച്ചിക്കച്ചവടക്കാര്‍ പറയുന്നു. നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബീഫിന് വില വര്‍ധിച്ചിട്ടുമുണ്ട്. ബീഫ് നിരോധം കൂടിയായതോടെ ചിക്കന്‍ വിലയും കുതിച്ചുയര്‍ന്നു.
ജീവനുള്ള കോഴിയുടെ ചില്ലറ വില്‍പ്പന വില കിലോ 140 രൂപയില്‍ കൂടുതലാണ്. കോഴിയിറച്ചി കിലോക്ക് 280 ന് മുകളിലാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."