പി.എസ്.ജിക്ക് ജയം; പരുക്ക് ആശങ്ക
പാരീസ്: ഫ്രഞ്ച് ലീഗില്‍ സ്വന്തം തട്ടകത്ത് എതിര് ടീമിനെതിരേ മികച്ച വിജയം നേടിയെങ്കിലും പി.എസ്.ജിക്ക് ആശങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ടൗളൗസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെയ്മറില്ലാതെ ഇറങ്ങിയ ടീം പരാജയപ്പെടുത്തിയത്. എന്നാല്‍ മത്സരത്തിനിടെ സൂപ്പര്‍ താരങ്ങളായ എഡിന്‍സന്‍ കവാനിക്കും കൈലിയന്‍ എംബാപ്പെക്കും പരുക്കേറ്റത് ടീമിന്റെ വിജയത്തിന് മാറ്റുകുറച്ചു.പി.എസ്.ജിക്കായി കാമറൂണ്‍ മുന്നേറ്റ താരം മാക്സിം ചൗപോ മോട്ടിങ് ഇരട്ടഗോള്‍ നേടി.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. കളി തുടങ്ങി 14ാം മിനുട്ടിലാണ് കവാനി പരുക്കേറ്റ് പുറത്തായത്. തുടര്‍ന്ന് താരത്തിന് പകരമായി മാക്സിം മോട്ടിങിനെ കളത്തിലിറക്കി.
50ാം മിനുട്ടില്‍ മോട്ടിങ്ങിലൂടെ പി.എസ്.ജി മുന്നിലെത്തി. അഞ്ചു മിനുട്ടിന് ശേഷം ടൗളൗസ് താരത്തിന്റെ സെല്‍ഫ് ഗോള്‍ പി.എസ്.ജിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പക്ഷേ, കളിക്കിടെ 65ാം മിനുട്ടിലാണ് പി.എസ്.ജി ആരാധകരെ ആശങ്കയിലാക്കി എംബാപ്പെയുടെ പരുക്കെത്തിയത്. കാലിന്റെ പിന് തുടഞരമ്പിന് പരുക്കേല്‍ക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും താരത്തെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. കളിപുനരാരംഭിച്ച് 71ാം മിനുട്ടില്‍ ടീമിന് പെനാല്‍റ്റി ലഭിച്ചെങ്കിലും എയ്ഞ്ചല്‍ ഡി മരിയ എടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയി. പക്ഷേ, പി.എസ്.ജിയുടെ ഗോള്‍ ദാഹം അവിടംകൊണ്ട് അവസാനിച്ചില്ല. 75ാം മിനുട്ടില്‍ മോട്ടിങ് തന്റെ രണ്ടാം ഗോളിലൂടെ ടീമിനെ 3-0ന് മുന്നിലെത്തിച്ചു. മത്സരത്തിന്റെ 83ാം മിനുട്ടില്‍ മാര്‍ക്വിനോസ് കൂടി എതിര് വല തുളച്ചതോടെ എതിരില്ലാത്ത നാലു ഗോളിന്റെ ജയത്തോടെ പി.എസ്.ജി കളം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."