തുഷാറിന്റെ വാദം പൊളിഞ്ഞു; ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ല
മനാമ: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ യു.എ.ഇയിലെ ചെക്ക് കേസ് ഒത്തുതീര്‍ക്കാന്‍ അജ്മാന് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ശ്രമം പരാജയം. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാട് കോടതി സ്വീകരിച്ചതോടെ തുഷാറിന്റെ വാദം പൊളിയുകയും ചെയ്തു.
ഇന്നലെ അജ്മാന് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ തുഷാറും നാസില്‍ അബ്ദുല്ലയും ഹാജരായി.
തുഷാറിനെതിരേ കൂടുതല്‍ തെളിവുകള്‍ നാസില്‍ കോടതിയില്‍ ഹാജരാക്കിയതായാണ് വിവരം. തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ മോഷണം എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നു ചോദിച്ച കോടതി, അക്കാര്യത്തില്‍ പ്രത്യേക പരാതി നല്കാത്തതിനാല് ആ വാദം സ്വീകാര്യമല്ലെന്നും വ്യക്തമാക്കി.
ഒത്തുതീര്‍പ്പിന് തയാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടര്‍ന്ന് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച.
എന്നാല്‍ നാസിലും തുഷാറും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച നിര്‍ത്തിവച്ച് കോടതി പിരിഞ്ഞു.
കോടതിക്ക് പുറത്ത് ഇരുവരുടെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."