ചൈനയില്‍ കൃത്രിമ തടാകം പൊട്ടിയേക്കുമെന്ന് മുന്നറിയിപ്പ്; അസം, അരുണാചല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഗുവാഹത്തി: ചൈനയില്‍ കൃത്രിമ തടാകം പൊട്ടിയേക്കുമെന്ന വിവരത്തെ തുടര്‍ന്ന് അസമിലും അരുണാചല്‍പ്രദേശിലും വെള്ളപ്പൊക്കമുന്നറിയിപ്പ്. ടിബറ്റന്‍ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് യാര്‍ലങ് സാങ്പോ നദിയില്‍ രൂപപ്പെട്ട കൃത്രിമ തടാകമാണ് പൊട്ടാന്‍ സാധ്യതയെന്ന് ചൈനീസ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് അരുണാചല്‍, അസം സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്.
തടാകം പൊട്ടിയാല്‍ അരുണാചലിലെ സിയാങ് നദിയിലും അസമിലെ ബ്രഹ്മപുത്ര നദിയിലും വെള്ളം ഉയരും. ഇരുനദികളും കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും നദീതടമേഖലകളില് നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഇരുസംസ്ഥാന സര്‍ക്കാരുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട കൃത്രിമ തടാകം ഉയര്‍ത്തുന്ന ഭീഷണിയില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മിഷന് കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ ചൈനയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും അരുണാചല്‍ എം.എല്‍.എയുമായ നിനോങ് എറിങ്ങ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിട്ടുണ്ട്.
കൃത്രിമ തടാകം പൊട്ടിയാല്‍ വന്‍ദുരന്തത്തിന് വഴിവയ്ക്കുമെന്ന് തിരിച്ചറിഞ്ഞ് 6000 പേരെ ചൈനീസ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അസമില്‍ ദിബ്രുഗഡ്, ദേമാജി, ലഖിംപൂര്‍, ടിന്‍സൂകിയ ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ അസം, അരുണാചല്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."