കുടുംബശ്രീ ജില്ലാ പരിശീലന കേന്ദ്രം കുറുമാത്തൂരില്‍ ഒരുങ്ങുന്നു
തളിപ്പറമ്പ്: ജില്ലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സംരംഭക പരിശീലനം നല്‍കുന്നതിനായി കുറുമാത്തൂരില്‍ കെട്ടിടമൊരുങ്ങി. കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധങ്ങളായ സംരംഭങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുകയും പുതുതായി നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുമ്പോഴും സ്വന്തമായി മികച്ച സജ്ജീകരണങ്ങളോടെയുള്ള ഒരു പരിശീലന കേന്ദ്രം ഇല്ലാത്തത് പോരായ്മയപ്പോഴാണ് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചത്.
ഇതിനായി കുറുമാത്തൂര്‍ കടവ് റോഡില്‍ റേഷന്‍ കടക്ക് സമീപത്തായി അര ഏക്കര്‍ സ്ഥലം കുറുമാത്തൂര്‍ പഞ്ചായത്ത് വിട്ടുനല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് പരിശീലന കേന്ദ്രത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും മന്ത്രി എം.കെ മുനീര്‍ തറക്കല്ലിടുകയും ചെയ്തു.
ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന് പറഞ്ഞു. കുടുംബശ്രീയുടെ വിവിധങ്ങളായ പരിശീലനങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഭാവിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് താമസിച്ച് പരിശീലനം നടത്തുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."