വടകരയില്‍ സി.പി.എം-ആര്‍.എസ്.എസ് അക്രമം
വടകര: സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ഹിന്ദു സേനാ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ തുടരുന്നു. ഇന്നലെ വൈകിട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തിനു ശേഷം വടകര നാരായണ നഗറിലെ ആര്‍.എസ്.എസ് കാര്യാലയം എറിഞ്ഞു തകര്‍ത്തു.
അക്രമത്തില്‍ കാര്യാലയത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സമീപമുണ്ടായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കരിമ്പനപ്പാലം കണ്ണങ്കുഴിയിലെ ഡി.വൈ.എഫ്.ഐയുടെ യുവധാര ക്ലബ് ഓഫിസ് ഒരു സംഘമാളുകള്‍ കത്തിച്ചു. അക്രമികള്‍ ക്ലബിനു ള്ളില്‍ തീയിടുകയായിരുന്നു. തീവയ്പ്പില്‍ ക്ലബിനുള്ളിലെ ഫര്‍ണിച്ചറുകളും മറ്റുവസ്തുക്കളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
ബുധനാഴ്ച രാത്രി സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കേളു ഏട്ടന്‍-പി.പി ശങ്കരന്‍ സ്മാരക മന്ദിരത്തിനു നേരെ കല്ലേറുണ്ടായിരുന്നു. അക്രമത്തില്‍ ഓഫിസിന് മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ പാടേ തകര്‍ന്നു. നല്ല ഉയരമുള്ള ആറു ഫ്രെയിമുകളാണ് തകര്‍ന്നത്. ഓഫിസിന് പൊലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വടകരയില്‍ നടന്ന പ്രകടനത്തിനിടെ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയും കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ ബി.ജെ.പി ഓഫിസിന്റെ ബോര്‍ഡുകള്‍ തകരുകയും ചെയ്തു. ഇതിനു പകരമായായാണ് സി.പി.എം ഓഫിസിനു നേരെ അക്രമമുണ്ടായതെന്നാണ് നിഗമനം. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫിസ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."