കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തി; രക്ഷാസേന മടങ്ങി
എടക്കര: കവളപ്പാറ ദുരന്ത ഭൂമിയില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി. പതിനെട്ടു ദിവസത്തെ തിരച്ചിലിനു ശേഷം ദുരന്തഭൂമിയില്‍നിന്നു പതിനൊന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകാതെ വേദനയോടെയാണ് രക്ഷാസേനയുടെ മടക്കം.
ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രക്ഷാസേന വൈകിട്ട് മൂന്ന് മണിയോടെ മടങ്ങി.
തിങ്കളാഴ്ച പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ അഭിപ്രായമാരാഞ്ഞ ശേഷമാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കാണാതായവരെ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അവരുടെ ബന്ധുക്കള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.
തിരച്ചിലിന്റെ അവസാന ദിനമായ ഇന്നലെ മൂന്ന് മണ്ണ് മാന്ത്രി യന്ത്രങ്ങളാണ് ഒരുക്കിയിരുന്നത്.
എന്നാല്‍ തലേദിവസം പ്രദേശത്തുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുള്ള കവളപ്പാറ തോടിന് സമീപം ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലത്തായിരുന്നു ഇന്നലെ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. തോട് ഗതിമാറ്റി വിട്ടെങ്കിലും മണ്ണും ചളിയും നിറഞ്ഞതിനാല്‍ യന്ത്രം ഈ ഭാഗത്ത് ഇറക്കാനായില്ല. ഇതേത്തുടര്‍ന്ന് ഇന്നലെ തിരച്ചില്‍ നടത്താനായില്ല. ഫയര്‍ ഓഫിസര്‍മാര്‍ അടക്കമുള്ള മുപ്പത്തിയഞ്ചംഗ സംഘമാണ് ഇന്നലെ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ദുരന്തഭൂമിയില്‍നിന്നു പിന്‍വാങ്ങുമ്പോള്‍ മരിച്ചവര്‍ക്കും കാണാതായവര്‍ക്കും ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ ഫയര്‍ ഓഫിസര്‍ എം.അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൗനപ്രാര്‍ഥന നടത്തി.
രക്ഷാദൗത്യത്തില്‍ പങ്കെടുത്ത വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് രക്ഷാസേന നന്ദിയര്‍പ്പിക്കുകയും ചെയ്തു. മൂന്നു മണിയോടെ സംഘം ദുരന്ത ഭൂമിയില്‍ നിന്നും മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."