യു.എ.ഇയുടെ 700 കോടിയില്‍ 'മണ്ണിട്ട്' മോദി; അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനം വഴി 700 കോടി ഉറപ്പാക്കി 'പിണറായി ചലഞ്ച് '
കോഴിക്കോട്: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് 700 കോടി വാഗ്ദാനം ചെയ്ത യു.എ.ഇയുടെ സംഭാവന മുടക്കിയ മോദിയെ വെല്ലുവിളിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചു ദിവസത്തെ യു.എ.ഇ സന്ദര്‍ശനം വഴി സംഘടിപ്പിച്ചത് 700 കോടിയിലധികം. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പിണറായി ഈ കാര്യം പറഞ്ഞത്.
കേരള പുനര്‍നിര്‍മാണത്തിന് സഹായം തേടിയുള്ള യുഎഇ സന്ദര്‍ശനം വന്‍വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു എ ഇയിലെ പ്രവാസികളില്‍ നിന്നും വിവിധ ഫൗണ്ടേഷനുകളില്‍ നിന്നുമായി 700 കോടി രൂപയിലധികം തുക സമാഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ സര്‍ക്കാര്‍ 700 കോടി വാഗ്ദാനം ചെയ്തിരുന്ന വിവരം പരസ്യമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ മൂലം നഷ്ടപ്പെട്ട ഈ തുകയിലും അധികം സമാഹരിക്കാന്‍ യു എ ഇ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്‌നേഹവായ്പും താല്‍പര്യവും നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കിയ സന്ദര്‍ശനമായിരുന്നു ഇക്കഴിഞ്ഞത്. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനര്‍നിര്‍മിതിയെ കുറിച്ച് സംവദിക്കാന്‍ അവസരം ലഭിച്ചു. യു.എ.ഇ ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികള്‍ക്ക് നമ്മുടെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. കേരളത്തെ രണ്ട് കയ്യും നീട്ടി സഹായിക്കാന്‍ അവര്‍ ഒരുക്കമാണുതാനും. നമ്മുടെ സംസ്ഥാനവുമായി യു.എ.ഇക്കുളള സവിശേഷമായ ബന്ധത്തെക്കുറിച്ച് അടിവരയിട്ടുകൊണ്ടാണ് അവര്‍ നമ്മുടെ പ്രതിനിധിസംഘവുമായി സംസാരിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംസീര്‍ വയലില്‍, രജിസ്‌ട്രേഡും അമേച്ചറുമായിട്ടുളള സംഘടനകളുടെ ഭാരവാഹികള്‍, ലോകകേരളസഭ അംഗങ്ങള്‍, നോര്‍ക്ക ഡയറക്ടര്‍മാര്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ ഒട്ടേറെ പേര്‍ യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചു. സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുമായിട്ടുളള കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നതില്‍ എം.എ. യൂസഫലിയുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."