ട്രാഫിക് അഡൈ്വസറി ബോര്‍ഡ് നോക്കുകുത്തി; മാനന്തവാടിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു
മാനന്തവാടി: ഗതാഗത പരിഷ്‌കരണം നടപ്പാക്കേണ്ട ട്രാഫിക് അഡൈ്വസറി ബോര്‍ഡ് നോക്കുകുത്തിയായതോടെ മാനന്തവാടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
റവന്യു ഡിവിഷന്റെയും താലൂക്കിന്റെയും ആസ്ഥാനമായ മാനന്തവാടിയില്‍ നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വീതി കുറഞ്ഞ റോഡുകളും പാര്‍ക്കിങ് സൗകര്യങ്ങളില്ലാത്തതുമാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. ജില്ലാ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ പെടുന്നത് പതിവായിരിക്കുകയാണ്. അധ്യയന വര്‍ഷം കൂടി ആരംഭിച്ച സാഹചര്യത്തില്‍ നഗരത്തിലെ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ട്രാഫിക് അഡൈ്വസറി ബോര്‍ഡ് ചേര്‍ന്ന് സാധാരണ ഗതാഗത പരിഷകരണം നടപ്പാക്കുന്നത്. ചെയര്‍മാന്‍ എന്ന നിലയ്ക്ക് സബ് കലക്ടര്‍ ആണ് യോഗം വിളിച്ച് ചേര്‍ക്കേണ്ടത്. എന്നാല്‍ വര്‍ഷങ്ങളായി ഫലപ്രദമായി യോഗം ചേരുന്നതിനും ചേര്‍ന്നാല്‍ തന്നെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും അധികാരികള്‍ ശ്രദ്ധിക്കാറില്ല.
വിവിധ വകുപ്പ് മേധാവികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, വ്യാപാരികള്‍ എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്ന ട്രാഫിക് ഉപദേശക സമിതി യോഗം ചേരുകയും നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവേണ്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണ്.
ഏറെ തിരക്കുള്ള സബ് കലക്ടറില്‍ നിന്നും ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനം എടുത്ത് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.
കേരളത്തിലെ മറ്റ് നഗരസഭകളിലെല്ലാം ചെയര്‍പേഴ്‌സണാണ് ഈ സ്ഥാനം വഹിക്കുന്നത്. ഉപദേശക സമിതി യോഗം വിളിച്ച് ചേര്‍ത്ത് ഗതാഗതകുരുക്കിന് പരിഹാരമാവേണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം ഉയരുന്നത്.
വിവിധ കോണുകളില്‍ നിന്ന് വരുന്ന അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പരിഗണിച്ച് നിലവിലെ ട്രാഫിക് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ക്കുന്നില്ലായെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന് മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."