കമുക് അപ്രത്യക്ഷമാകുന്നു; അടയ്ക്ക കിട്ടാക്കനി
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: കേരളത്തിന്റെ തീരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യാപകമായി കണ്ടിരുന്ന അടയ്ക്കാമരം (കമുക്) തെക്കന്‍ കേരളത്തില്‍ നിന്നും ഏറെ കുറെ പൂര്‍ണമായും പടിയിറങ്ങി. മുന്‍കാലങ്ങളില്‍ തെങ്ങിനൊപ്പം പ്രാധാന്യം നല്‍കിയിരുന്ന പ്രധാന നാണ്യവിളകളിലൊന്നായിരുന്നു കമുക്. മാര്‍ക്കറ്റുകളില്‍ ആവശ്യത്തിലധികം ഡിമാന്റുണ്ടായിരുന്ന പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്), കുതിര്‍ത്ത അടയ്ക്ക (വെള്ളത്തില്‍ പാക്ക്) എന്നീ നിലകളില്‍ ഇവ വിപണികളില്‍ സ്ഥാനം പിടിച്ചിരുന്നു. പാകമാകുന്നതിനു മുന്‍പുള്ള കായ്കളെയാണ് പച്ച അടയ്ക്ക എന്നു പറയുന്നത്. ഇത് കൂടുതലായും വയോജനങ്ങളുടെ വെറ്റില മുറുക്കിനാണ് ഉപയോഗിച്ചു വരുന്നത്. ഇവയ്ക്ക് വിപണിയില്‍ വില കുറവാണെങ്കിലും ചില പ്രത്യേക ആയുര്‍വേദ ഔഷധ നിര്‍മാണങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു.
പഴുത്ത അടയ്ക്കയും ഉണങ്ങിയ അടയ്ക്കയുമാണ് പെയിന്റ് നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ നിന്നും വന്‍ തോതില്‍ കയറ്റി അയച്ചു വരുന്നത്. വെള്ളത്തില്‍ ആഴ്ചകളോളം നിക്ഷേപിച്ച് കുതിര്‍ത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങി കൊണ്ട് പോകുന്നത്. ഇവയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. വാസന പാക്ക്, മറ്റ് പുകയില ഉല്‍പ്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിര്‍മാണത്തിനും ഉണങ്ങിയ അടയ്ക്കയും കുതിര്‍ത്ത അടയ്ക്കയും വ്യാപകമായി ഉപയോഗിച്ച് വരുന്നു.
കൂടാതെ ഇന്ന് വിപണിയില്‍ കമുകിന്‍ പാളയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കമുകിന്‍ പാളയില്‍ നിന്ന് നിര്‍മിക്കുന്ന പ്ലേറ്റുകളും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ന് പ്രിയമേറി വരുകയാണ്. വിരുന്നു സല്‍ക്കാരങ്ങളിലും വിവാഹപാര്‍ട്ടികളിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ പേപ്പര്‍ കപ്പുകളെയും പ്ലേറ്റുകളെയും പിന്നിലാക്കി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് കമുകിന് നല്ലകാലം കൈവന്നത്.
യാതൊരുവിധ പരിചരണവും കൂടാതെ വളരുന്ന കമുക് നൂറടിയോളം ഉയരത്തില്‍ വളരാറുണ്ട്. വണ്ണം തീരെ കുറഞ്ഞതും ബലം കുറഞ്ഞതുമായ ഈ മരങ്ങളില്‍ കയറുന്നവരില്‍ പലരും വീണ് മരിച്ച സംഭവങ്ങള്‍ വാര്‍ത്തയായതോടെ കമുകില്‍ കയറാന്‍ ആളെ കിട്ടാതായി. കമുകിന്റെ ഉപരിഭാഗം താഴേയ്ക്ക് വളയുകയോ ഒടിഞ്ഞുവീണോ ആണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുള്ളത്. തുടര്‍ന്ന് ഇത്തരം അടയ്ക്കാ മരങ്ങളെ കര്‍ഷകര്‍ ഉപേക്ഷിക്കേണ്ടി വന്നു. വിളവ് ലഭ്യമല്ലാത്തതും വില കുറവും പൊതുമാര്‍ക്കറ്റില്‍ ആവശ്യകത കുറഞ്ഞതും അടയ്ക്കാ മരങ്ങളുടെ കൃഷി തെക്കന്‍ കേരളത്തില്‍ ഗ്രമീണ കര്‍ഷകര്‍ പാടെ ഉപേക്ഷിച്ചു. തുടര്‍ന്ന് അടയ്ക്കാ മരങ്ങള്‍ വച്ചുപിടിപിക്കാന്‍ പുതിയ തലമുറ തയാറാകാതെയായി. വാവലുകളും മറ്റ് പക്ഷികളും നിക്ഷേപിക്കുന്ന കായ്കള്‍ വീണ് മുളയ്ക്കുന്നതൊഴിച്ചാല്‍ അടയ്ക്കാ തോട്ടം എന്ന മാതൃകാ കൃഷി രീതി ഇന്ന് തെക്കന്‍ കേരളത്തില്‍ വിരളമായി.
കമുകും അടയ്ക്കായും തെക്കന്‍ കേരളത്തില്‍ നിന്നും പടിയിറങ്ങാന്‍ തുടങ്ങിയതോടെ വിപണികളില്‍ ഇന്ന് അടക്കായ്ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുകയാണ്. എന്നാല്‍ കമുകില്‍ കയറാനോ കായ്കള്‍ പറിക്കുന്നതിനോ തൊഴിലാളികളെ കിട്ടാതെ വന്നതും അടയ്ക്കാ കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. കൂടാതെ കമുകില്‍ കയറാനുള്ള ആധുനിക യന്ത്ര സംവിധാനങ്ങളും അത്യുത്പാദന ശേഷിയുള്ള പൊക്കം കുറഞ്ഞ കമുങ്ങ് മരങ്ങളുടെ പ്രചാരണവും വേണ്ടവിധത്തില്‍ കര്‍ഷകരുടെ ഇടയില്‍ എത്തിച്ചേരാത്തതും അടയ്ക്കാ കൃഷിയെ കൈയോഴിയാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."