മകളുടെ ആഡംബര വിവാഹം: തെറ്റ് ചെയ്തിട്ടില്ലെന്ന് ഗീതാഗോപി എം.എല്‍.എ
തൃശൂര്‍: മകളുടെ ആഡംബര വിവാഹ വിവാദത്തില്‍ ഗീതാ ഗോപി എം.എല്‍.എ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി. തെറ്റു ചെയ്തിട്ടില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജിന് നല്‍കിയ വിശദീകരണത്തിലുള്ളത്. സാധാരണ കല്യാണമാണ് നടത്തിയത്. 50 പവന്‍ ആഭരണം മാത്രമാണ് മകള്‍ക്ക് നല്‍കിയത്. ബാക്കിയുള്ള 25 പവനോളം സ്വര്‍ണം ബന്ധുക്കള്‍ നല്‍കിയതാണെന്നും എം.എല്‍.എ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍, പാര്‍ട്ടി നിലപാടിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച എം.എല്‍.എക്ക് വീഴ്ചപറ്റിയെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. പെരുമാറ്റച്ചട്ടം അറിയാത്തവരല്ല എം.എല്‍.എമാരെന്ന ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഇതാണ് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവരുടെ വാക്കുകളും എം.എല്‍.എക്ക് വീഴ്ച സംഭവിച്ചുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. താക്കീതിലും ശാസനയിലും ശിക്ഷ ഒതുക്കിയാല്‍ കുറഞ്ഞ അച്ചടക്ക നടപടിയാകുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. ഇനിയാരും ഇത്തരം അച്ചടക്കലംഘനങ്ങള്‍ നടത്താതിരിക്കാന്‍ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്. പരസ്യശാസനയോ താക്കീതോ നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയോ പാര്‍ട്ടി പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ചതിന് തരംതാഴ്ത്തലോ ആയിരിക്കും നടപടിയെന്നാണ് സൂചന. അതേസമയം, ഇന്നലെയാരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഗീതാഗോപി പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."