കുടുംബശ്രീ ഭക്ഷ്യമേള നാളെ സമാപിക്കും
പാലക്കാട്: ശുദ്ധവും ഗുണമേന്മയാര്‍ന്നതുമായ നാടന്‍ ഉല്‍പ്പന്നങ്ങളും കൊതിയൂറും ഗ്രാമീണരുചികളും പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ ഇനി രണ്ടുനാള്‍ മാത്രം. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന ഭക്ഷ്യമേള ഒക്ടോബര്‍ 24 ബുധനാഴ്ച്ച സമാപിക്കും. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മനോഹരമായ ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങള്‍, മണ്‍സോപ്പ്, തേന്‍ തുടങ്ങി നിരവധി സൗന്ദര്യവര്‍ധിത ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് കുടുംബശ്രീ ഇവിടെ ഒരുക്കിയിരിക്കുന്നത്. മേളയുടെ പ്രധാന ആകര്‍ഷണം ഫുഡ് കോര്‍ട്ട് തന്നെയാണ്. വിദഗ്ധ പരിശീലനം നേടിയ ഏഴ് കുടുംബശ്രീ കഫേ ഗ്രൂപ്പുകളാണ് മലയാളത്തനിമയുള്ള ഗ്രാമീണരുചി വിഭവങ്ങള്‍ വിളമ്പുന്നത്. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഭക്ഷണം കഴിക്കുകയും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കന്നത്. എല്ലാ വൈകുന്നേരങ്ങളിലും അരങ്ങേറുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ മേളയ്ക്ക് കൊഴുപ്പേകുന്നു.
മേലാര്‍ക്കോട് ഹോം സ്റ്റൈല്‍ ഗ്രൂപ്പിലെ ആയിഷയുടെയും കൂട്ടരുടെയും തലശ്ശേരി ബിരിയാണി, പാലക്കാടിന്റെ തനത് വിഭവമായ തലപ്പാക്കെട്ട് ബിരിയാണി, കൊത്തു പൊറോട്ട, തട്ടില്‍ കുട്ടി ദോശ, നെയ്‌ച്ചോറും കോഴിക്കറിയും ഏവരുടേയും മനം കവര്‍ന്നു കഴിഞ്ഞു.
കുലുക്കല്ലൂരില്‍നിന്നെത്തിയ വള്ളുവനാടന്‍ രുചിക്കൂട്ട് എന്ന വനിതാ സംഘം തയാറാക്കുന്ന കപ്പ മീന്‍കറി, ബീഫ് ഒലര്‍ത്തിയത്, കരിംജീരക കോഴി, ചിക്കന്‍ ടിക, കരിമീന്‍ പൊള്ളിച്ചത്, മലബാര്‍ പലഹാരങ്ങളായ ഉന്നക്കായ, പഴം നിറച്ചത്, ചട്ടിപ്പത്തിരി, കിളിക്കൂട്, ഇറച്ചിപ്പത്തിരി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. സുപ്രിയ കാവശ്ശേരിയുടെ ചക്ക വിഭവങ്ങളാസ്വദിക്കാന്‍ ദിവസവും ധാരാളം പേര്‍ മേളയിലെത്തുന്നു. ചക്ക ബിരിയാണി, ചക്കപ്പൊക്ക വട, ചക്ക ഉണ്ണിയപ്പം, ചക്ക ഐസ് ക്രീം എന്നിവയാണ് ഇവരുടെ വിഭവങ്ങള്‍. വ്യത്യസ്തയിനം ജ്യൂസുകള്‍ തയാറാക്കി സ്വദേശത്തും പുറത്തും വലിയ പ്രശംസയേറ്റു വാങ്ങിയ കോഴിക്കോട് പുനര്‍ജന്മം ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്രൂപ്പും മേളയുടെ സജീവ സാന്നിധ്യമാണ്. അര്‍ച്ചന കിച്ചന്‍ ഒരുക്കുന്ന പായസ മേള കുടുംബശ്രീ മേളയുടെ മാധുര്യം വര്‍ധിപ്പിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കിയ കുടുംബശ്രീ പ്രവര്‍ത്തകരെ ഇന്ന് വൈകിട്ട് മേളയിലാദരിക്കും. തുടര്‍ന്ന് ഡി.ഡി.യു.ജി.കെ.വൈ വിദ്യാര്‍ഥികളൊരുക്കുന്ന കലാവിരുന്ന് അരങ്ങേറും. സമാപന ദിവസമായ നാളെ വൈകിട്ട് പുതുശ്ശേരി ജനാര്‍ദ്ദനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പ്പാട്ട് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."