സെന്‍ട്രല്‍ ജയില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയായി
എടപ്പാള്‍: തവനൂര്‍ കൂരടയില്‍ പാതിവഴിയില്‍ നിലച്ച സെന്‍ട്രല്‍ ജയില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയായി. ജയിലിന്റെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ 14.5 കോടി രൂപ ജയില്‍വകുപ്പ് മരാമത്ത് വകുപ്പിനു കൈമാറിയതോടെയാണ് നിര്‍മാണം തുടങ്ങാന്‍ വഴിതെളിഞ്ഞത്.
350 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സെല്ലുകളും ചുറ്റുമതിലും ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതീകരണവും അടുക്കള, ഓഫിസ് കെട്ടിടം, ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മാണവും ആദ്യഘട്ടത്തില്‍ നടന്നിരുന്നില്ല. തുടര്‍ന്നു രണ്ടാംഘട്ടത്തിനുള്ള തുക ലഭ്യമാകാത്തതിനാല്‍ പദ്ധതി ഒരു വര്‍ഷത്തോളമായി നിലച്ച അവസ്ഥയിലായിരുന്നു. 17.6 കോടി രൂപ ചെലവിട്ടാണ് തവനൂര്‍ ജയിലിന്റെ ആദ്യഘട്ടം ജയില്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ കൂരടയിലുള്ള എട്ടേക്കറില്‍ പൂര്‍ത്തീകരിച്ചത്.
എന്നാല്‍, ജീവനക്കാര്‍ക്കു താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്സ് സംവിധാനത്തിനും ജയിലില്‍ സജ്ജമാക്കേണ്ട ക്ലിനിക് സംവിധാനത്തിനുള്ള പ്രത്യേക കെട്ടിടവും രണ്ടാംഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
സാങ്കേതികാനുമതി ലഭിച്ചാലുടന്‍ രണ്ടാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു രണ്ടു മാസത്തിനകം രണ്ടാംഘട്ട നിര്‍മാണം ആരംഭിക്കാനാണ് ശ്രമം നടക്കുന്നത്.
സെന്‍ട്രല്‍ ജയിലായി ആരംഭിച്ച പദ്ധതി ഫണ്ടിന്റെ അപര്യാപ്തതമൂലം ജില്ലാ ജയിലാക്കി മാറ്റാന്‍ തീരുമാനിച്ചു. പിന്നീട് സെന്‍ട്രല്‍ ജയിലായിത്തന്നെ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ തവനൂര്‍ കൂരടയില്‍ പ്രവര്‍ത്തനമാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."