വനവത്കരണഫണ്ടിലും കേരളത്തിന് നക്കാപ്പിച്ച: ചെറു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോഴും സംസ്ഥാനത്തെ അവഗണിച്ചു
ന്യൂഡല്‍ഹി: വനവത്കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് നക്കാപ്പിച്ച. കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പൂര്‍, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 183.65 കോടി, 212 കോടി, 309 കോടി, 393 കോടി, 163 കോടി രൂപയും അനുവദിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചത് 81.59 കോടി രൂപ മാത്രമാണ്. ഇതാണ് ഏറ്റവും കുറഞ്ഞ തുകയും.
രാജ്യത്ത് മൊത്തം 47,436 കോടി രൂപയാണ് കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് പ്ലാനിങ് അതോറിറ്റി അനുവദിച്ചത്. ഒഡീഷയ്ക്കാണ് കൂടുതല്‍ ഫണ്ട് ലഭിച്ചത്. 5933 കോടി. ഏറ്റവും കുറവ് കേരളത്തിനും. മരങ്ങള്‍ നട്ട് പരിപാലിക്കുന്നതിനും, കാട്ടുതീ തടയാനുള്ള നടപടികള്‍ക്കും അത് നിയന്ത്രിക്കുന്നതിനും മാത്രമേ ഈ പണം ഉപയോഗിക്കാന്‍ കഴിയൂ. കേന്ദ്രം അനുവദിച്ച ഫണ്ട് ശമ്പളം, അലവന്‍സ് എന്നിവയ്ക്കായി വകമാറ്റാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കര്‍ണാടകത്തിന് 1350 കോടിയും മഹാരാഷ്ട്രയ്ക്ക് 3844കോടിയും ഗോവയ്ക്ക് 238 കോടിയും രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായിയുണ്ടായ ഉരുള്‍പൊട്ടല്‍ പ്രളയം തുടങ്ങിയവ പരിഗണിച്ചും കേരളത്തിന് കൂടുതല്‍ തുക അനുവദിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഡല്‍ഹിയില്‍ നടന്ന സംസ്ഥാന വനം മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പണം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. സംസ്ഥാനങ്ങള്‍ ഫണ്ട് ഉചിതമായി ഉപയോഗിച്ച് മരങ്ങള്‍ നട്ട് വനപ്രദേശം വിപുലപ്പെടുത്തി 2030 ഓടെ 300 കോടി ടണ്ണോളം കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോ ചടങ്ങില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."