ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട്.
പുരുഷന്മാരുടെ അതേ യോഗ്യതയുണ്ടായിട്ടും അവരുടെ രണ്ടിരട്ടി സ്ത്രീകള്‍ തൊഴില്‍ രഹിതരാണെന്നാണ് ഇന്ത്യയിലെ നിയമന രംഗത്തെ ലിംഗഭേദം എന്നപേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗവേഷകരായ റേച്ചല്‍ ലെവന്‍സണും ലയോള ഒ കൊനേയുമാണ് പഠനം നടത്തിയത്.
തൊഴില്‍ മേഖലയിലെ പ്രായ പരിധിയില്‍ നഗരമേഖലയില്‍ 8.7 ശതമാനം സ്ത്രീകളും മതിയായ വിദ്യാഭ്യാസ യോഗ്യത നേടിയവരാണ്.
എന്നാല്‍ ഇവര്‍ തൊഴില്‍ രഹിതരായപ്പോള്‍ ഇതേ യോഗ്യതയുള്ള പുരുഷന്മാരില്‍ നാല് ശതമാനം മാത്രമാണ് തൊഴില്‍ രഹിതരായിട്ടുള്ളത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ പിന്നാക്കം പോകാന്‍ നിരവധി കാരണങ്ങളാണ് പറയപ്പെടുന്നത്. ഒരു സ്ത്രീയുടെ തീരുമാനത്തെയും ജോലി കണ്ടെത്താനുള്ള കഴിവിനെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ തൊഴിലില്ലായ്മാ നിരക്കിലെ ലിംഗപരമായ വിടവും ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐ.എല്‍.ഒ) ഗവേഷണവും സൂചിപ്പിക്കുന്നത്, സ്ത്രീകള്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിട്ടും പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജോലി കരസ്ഥമാക്കുന്നതില്‍ അവര്‍ കൂടുതല്‍ തടസങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ്.
വ്യത്യസ്ത തരത്തിലുള്ള 200 തൊഴിലുകളാണ് ഇവര്‍ പഠന വിധേയമാക്കിയത്. 2016നും 17നും ഇടയില്‍ വിവിധ ജോലികള്‍ക്കായി 2,86,991 അപേക്ഷകള്‍ ക്ഷണിച്ചു. ഇതില്‍ നിന്ന് 2,11,004 അപേക്ഷകള്‍ യോഗ്യതക്കനുസരിച്ചുള്ളതാണെന്ന് തരംതിരിച്ചെടുത്തു. ഇതില്‍ തന്നെ ജോലി കരസ്ഥമാക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ വളരെ കുറവായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ലിംഗഭേദം നിയമവിരുദ്ധമാണെങ്കിലും നിയമനം നടത്തുന്ന സ്ഥാപനങ്ങളിലും മറ്റ് തൊഴില്‍ മേഖലയിലുമുള്ള വിദഗ്ധരുമായും നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള നിയമന പ്രക്രിയയില്‍ ഇന്ത്യയില്‍ വലിയ തോതില്‍ ലിംഗ വിവേചനമുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ജോലിക്കിടെ സ്ത്രീകള്‍ക്ക് തടസങ്ങള്‍ നേരിടേണ്ടിവരുന്ന മൂന്ന് ഘട്ടങ്ങളെയും ഇവര്‍ പഠന വിധേയമാക്കിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."