രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റയാള്‍ക്ക് സഹായവുമായി ജില്ലാ കലക്ടര്‍
ആറാട്ടുപുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ മത്സ്യത്തൊഴിലാളിയെ ജില്ലാ കലക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു. ഓഗസ്റ്റ് 16ന് ചെങ്ങന്നൂര്‍ പാണ്ടനാട് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരുക്കേറ്റ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയില്‍ രത്‌നകുമാറിന്റെ വീട്ടിലാണ് കലക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഭവന നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി നാല് ലക്ഷം രൂപയുടെ ധനസഹായം കലക്ടര്‍ ഉറപ്പ് നല്‍കി.
ഇതോടൊപ്പം അടിയന്തിരമായി ഒരു ലക്ഷം രൂപയും ഇവര്‍ക്കു നല്‍കും. ജില്ലാ കലക്ടറുടെ സ്വകാര്യ സുഹൃത്ത്‌വലയത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തി നല്‍കുന്നത്. ഇതോടൊപ്പം രത്‌നകുമാറിന്റെ ഭാര്യക്ക് മത്സ്യഫെഡില്‍ ജോലി ലഭിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും കലക്ടര്‍ വാഗ്ദാനം ചെയ്തു.
മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ശാരി പൊടിയന്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തംഗങ്ങളായ സുനു ഉദയലാല്‍, ശ്യാംകുമാര്‍, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പ്രസന്നകുമാര്‍, പ്രേംജി, ആറാട്ടുപുഴ വില്ലേജ് ഓഫിസര്‍ റ്റി. സിന്ധു എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വയറിലും കാലിലുമേറ്റ ഗുരുതരമായ പരുക്കുമായി 40 ദിവസത്തോളമാണ് ആശുപത്രിയില്‍ രത്‌നകുമാറിന് കഴിയേണ്ടിവന്നത്.
രണ്ട് ശസ്ത്രക്രിയകളും ഇതിനയിടയില്‍ നടത്തി. മൂന്നര മാസത്തോളം വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭാര്യ ജിഷ, മക്കളായ ആരതി, അജ്ഞലി എന്നിവരടങ്ങുന്നതാണ് രക്‌നകുമാറിന്റെ കുടുംബം. സ്വന്തം വീടിന്റെ നിര്‍മാണത്തിനായി ഫൗണ്ടേഷന്‍ പൂര്‍ത്തിയായപ്പോഴാണ് അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."