തൃപ്പൂണിത്തുറയില്‍ വീണ്ടും ആളില്ലാത്ത വീട്ടില്‍നിന്നും മോഷണം; പന്ത്രണ്ടു പവന് നഷ്ടപ്പെട്ടു
തൃപ്പൂണിത്തുറ: ആള് താമസമില്ലാതെ പൂട്ടികിടന്നിരുന്ന വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.പന്ത്രണ്ടു പവന്റെ സ്വര്‍ണ്ണവും ലാപ്ടോപ്പും 3000 രൂപയും മോഷണം പോയി.എരൂര്‍ പള്ളിച്ചക്കാലറോഡില് രാജപത്മം അനന്തപത്മനാഭന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്.
അനന്തപത്മനാഭനും കുടുംബവും വീട് പൂട്ടി തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. ഇന്നലെ വീടും പരിസരവും വൃത്തിയാക്കാന്‍ വന്ന സ്ത്രീ വീടിന്റെ മുന്‍വാതില്‍ തകര്‍ന്നു കിടക്കുന്നതുകണ്ടു അയല്‍വാസികളെ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും വിരലടയാളവിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുന്പിലെ മതിലിനോടുചേര്‍ന്നുള്ള ഇരുമ്പ് ഗ്രില്‍ മോഷ്ടാക്കള്‍ ഇളക്കിമാറ്റി. മാരകായുധം ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് അകത്തു കടന്നിരിക്കുന്നത്.
വീട്ടിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വലിച്ചുവാരിയിട്ടിട്ടുണ്ട്. മോഷ്ടടാക്കള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു വലിയ കത്തിയും വീട്ടില്‍നിന്നും ലഭിച്ചു. തിരുവന്തപുരത്തായിരുന്ന കുടുംബം വൈകുന്നേരത്തോടെ വീട്ടില്‍ എത്തിയ ശേഷമാണു നഷ്ട്ടപെട്ടതെന്തെല്ലാമാണെന്നു അറിയുന്നത്. പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞമാസം സമാനരീതിയില്‍ തൃപ്പൂണിത്തുറ എം.കെ.കെ. നായര്‍ നഗറില്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനിലെ നാല്‍പ്പതാം നമ്പര്‍ അനന്തപുരി ചന്ദ്രിക രാധാകൃഷ്ണന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഇവിടെനിന്നും 25 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിലെ പ്രതിയായിരുന്ന ഗുജറാത്ത് സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
25 പവനും കണ്ടെത്തി ഉടമയ്ക്ക് തിരിച്ചു നല്കി. എന്നാല്‍ മോഷ്ട്ടാവിന്റെ കൂടെയുണ്ടായിരുന്ന മറ്റ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മോഷണം നടത്തി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയെ ശല്യം ചെയ്തതിനു റെയില്‍വെ പൊലീസ് പിടികൂടിയപ്പോള്‍ ആണ് മോഷണ വിവരവും അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."