ജില്ലാ സ്‌കൂള്‍ കായികമേള: എതിരാളികളില്ലാതെ കാട്ടിക്കുളം
ആനപ്പാറ: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ എതിരാളികളില്ലാതെ കാട്ടിക്കുളത്തിന്റെ കുതിപ്പ്. 180.25 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജി.എച്ച്.എസ്.എസ് കാട്ടിക്കുളം ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്.
കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവച്ച മീനങ്ങാടിക്ക് ഇത്തവണ 140 പോയിന്റു നേടി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. പതിറ്റാണ്ടുകളായി കൈയടക്കിവച്ചിരുന്ന മീനങ്ങാടിയുടെ കായിക കിരീടമാണ് ഇപ്പോള്‍ തുടര്‍വര്‍ഷങ്ങളില്‍ കാട്ടിക്കുളം പിടിച്ചെടുത്തത്. 27 സ്വര്‍ണവും 16 വെള്ളിയും എട്ട് വെങ്കലവുമാണ് ഇത്തവണ കാട്ടിക്കുളം വാരിക്കൂട്ടിയത്. മീനങ്ങാടി 16 സ്വര്‍ണവും 17 വെള്ളിയും ഒന്‍പത് വെങ്കലവുമടക്കമാണ് 140 പോയിന്റ് നേടിയത്. മൂന്നാമതുള്ള കാക്കവയലിന് ഒന്‍പത് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് ലഭിച്ചത്. ആതിഥേയരായ ആനപ്പാറക്ക് ഒരു സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവും ലഭിച്ചു.
27 പോയിന്റുമായി ഇവര്‍ നാലാമതായി. ഉപജില്ലാ തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയാണ് ചാംപ്യന്‍മാര്‍. 398.25 പോയിന്റ് നേടിയാണ് അവര്‍ കിരീടം ചുടിയത്. 350.25 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനത്തും 121.5 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
പരിശീലനമില്ലാതെ പോളുമായി ശ്യാം പറന്നത് സ്വര്‍ണത്തിലേക്ക്
ആനപ്പാറ: കൃത്യമായ പരിശീലനങ്ങളൊന്നുമില്ലാതെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തിനിറങ്ങിയ ശ്യാംലാല്‍ കൊയ്തത് രണ്ടാം സ്വര്‍ണം. കഴിഞ്ഞ മേളയിലെ മികവ് ആവര്‍ത്തിച്ച് സ്വര്‍ണത്തില്‍ മുത്തമിട്ട ശ്യാംലാല്‍ കൃത്യമായ പരിശീലനങ്ങളൊന്നുമില്ലാതെയാണ് മത്സരത്തിനെത്തിയത്. 10ാംതരത്തില്‍ പഠിക്കുമ്പോള്‍ പൂക്കോട് ജി.എം.ആര്‍.എസില്‍ മറ്റുള്ളവര്‍ പോള്‍വാള്‍ട്ടില്‍ ചാടുന്നത് കണ്ട് തുടങ്ങിയതാണ് ശ്യാമും. തുടര്‍ന്ന് ആ വര്‍ഷം സബ് ജില്ലയില്‍ മത്സരിച്ചു. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല.
തുടര്‍ന്ന് പ്ലസ് വണ്ണിന് ജി.എച്ച്.എസ്.എസ് തരിയോടില്‍ വന്ന ശ്യാംലാല്‍ അത്തവണ തന്നെ ജില്ലയില്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണമണിഞ്ഞു. അതേമികവിന്റെ ആവര്‍ത്തനമായിരുന്നു ഇന്നലെ ആനപ്പാറയിലും ശ്യാം നടത്തിയത്. 2.96 മീറ്റര്‍ ചാടിയാണ് കോട്ടത്തറ പഞ്ചായത്തിലെ മാങ്കുന്നിലെ ബാലകൃഷ്ണന്‍-ശാന്ത ദമ്പതികളുടെ മകന്‍ ജില്ലാ മേളയില്‍ താരമായത്. കഴിഞ്ഞ സംസ്ഥാന മത്സരത്തിന് ശേഷം ഇക്കഴിഞ്ഞ സബ് ജില്ലയിലാണ് താന്‍ പിന്നെ പോളെടുത്തതെന്നാണ് ശ്യാം പറയുന്നത്. കൃത്യമായ പരിശീലനം നടത്തിയാല്‍ മികച്ച ഒരു താരത്തെ വാര്‍ത്തെടുക്കാന്‍ ജില്ലക്കാവുമെന്നാണ് ശ്യാമിന്റെ നിലവിലെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്.
കായികമേളയില്‍ താരങ്ങളായി ബി.എഡ് വിദ്യാര്‍ഥികള്‍
ആനപ്പാറ: ജില്ലാ കായിക മേളയുടെ വേറിട്ട കാഴ്ചയായി മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ് കോളജ് വിദ്യാര്‍ഥികളും, പൂമല ബി.എഡ് കോളജ് വിദ്യാര്‍ഥികളും.
മുഴുവന്‍ അതിഥികള്‍ക്കും, കായികപ്രേമികള്‍ക്കും ഭക്ഷണം വിളമ്പിയും മാലിന്യങ്ങള്‍ നീക്കംചെയ്തും മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ബി.എഡ് കോളജ് വിദ്യാര്‍ഥികള്‍ മാതൃകയായപ്പോള്‍ ചെയര്‍മാന്‍ ഇനിലാലിന്റെ നേതൃത്വത്തിലെത്തിയ പൂമല ബി.എഡ് കോളജ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം ട്രാക്കിലും ഫീല്‍ഡിലുമായിരുന്നു.
ട്രാക്കില്‍ മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിന് വേണ്ടിയുള്ള ഇവരുടെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു.
രണ്ട് കോളജുകളില്‍ നിന്നുമെത്തി കായികമേളയുടെ സംഘാടനത്തിന് മികവ് കൂട്ടിയ ബി.എഡ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം ഏവരുടെയും കൈയടി നേടി.
കായിക താരങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍മ്മസന്നദ്ധരായ അധ്യാപക വിദ്യാര്‍ഥികളെ സംഘാടകസമിതി പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
സഫ്‌വാന്‍, റിയ, ആശ്‌ലിന്‍, ശ്രുതി, സിസ്റ്റര്‍ ലീന, ബേസില്‍, സുല്‍ഫിക്കര്‍ എന്നിവരാണ് മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീമിന് നേതൃത്വം നല്‍കിയത്.
അച്ഛന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ട്രാക്കിലെ പൊന്‍മീനായി വിനയ
ആനപ്പാറ: അച്ഛന്റെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ട്രാക്കിലെ പൊന്‍മീനാവുകയാണ് വിനയയെന്ന കൊച്ചുമിടുക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ഒന്നാംസ്ഥാനം നേടിയ വിനയ 1987ലെ 400 മീറ്ററിലെ സംസ്ഥാന ചാംപ്യന്‍ ബാലന്റെ മകളാണ്.
കഴിവുണ്ടായിട്ടും പ്രാരാബ്ദങ്ങളോട് പടവെട്ടേണ്ടി വന്നതിനാല്‍ പ്രീഡിഗ്രിക്ക് ശേഷം ട്രാക്കിലിറങ്ങാന്‍ ബാലന് സാധിച്ചിരുന്നില്ല. അന്ന് മനസില്‍ മൊട്ടിട്ട സ്വപ്നമാണ് മക്കളെ കായിക മേഖലയിലെ തിളങ്ങുന്ന താരമാക്കുകയെന്നത്. അച്ഛന്റെ ഈ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്ന പ്രകടനമാണ് ട്രാക്കില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിനയ കാഴ്ചവച്ചത്. 400 മീറ്ററിലെ സ്വര്‍ണം നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം കുറയാത്ത വിനയ ചുട്ടുപ്പൊള്ളുന്ന വെയിലിനെയും വകഞ്ഞ് മാറ്റീയാണ് 600 മീറ്ററില്‍ സ്വര്‍ണം നേടിയത്.
കണിയാമ്പറ്റ ജി.എം.ആര്‍.എസിലെ എട്ടാംതരം വിദ്യാര്‍ഥിയായ മിടുക്കിയാണ് സ്‌കൂളിന്റെ 19 പോയിന്റില്‍ വിലപ്പെട്ട എട്ട് പോയിന്റുകള്‍ നല്‍കി നെടുംതൂണായതും. വരും വര്‍ഷങ്ങളില്‍ വയനാടന്‍ ട്രാക്കുകളില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രമായി വിനയ മാറട്ടെയെന്നാണ് ഈ അച്ഛന്റെ പ്രാര്‍ഥന.
കായികം സജിയുടെ കുടുംബകാര്യം
ആനപ്പാറ: അച്ഛനില്‍നിന്ന് മക്കളിലേക്ക് ഓട്ടവും ചാട്ടവും പകര്‍ന്ന് നല്‍കിയതിന്റെ കഥയാണ് പുല്‍പ്പള്ളിക്കാരന്‍ സി.വി സജിക്കും മക്കള്‍ക്കും പറയാനുള്ളത്. 1994ല്‍ ഇന്റര്‍ യൂനിവേഴ്‌സിറ്റി അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കാലിക്കറ്റിനായി ലോംഗ്ജംപില്‍ സ്വര്‍ണം നേടിയവനാണ് സജി. തന്റെ പാരമ്പര്യം മക്കളിലൂടെ പിന്തുടരുകയാണ് പട്ടാളത്തില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം. മക്കളില്‍ മൂത്തവന്‍ ലിയനാര്‍ഡോ കരുത്ത് തെളിയിക്കുന്നത് ഷോട്പുട്ടിലും ഡിസ്‌കസ് ത്രോയിലുമാണ്. അനുജന്‍ മോറിയന്റസ് ട്രാക്കിലാണ് ശ്രദ്ധ കൊടുക്കുന്നത്. ജില്ലാ കായികമേളയില്‍ ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണവും ഷോട്പുട്ടില്‍ വെള്ളിയും നേടി ലിയനാര്‍ഡോ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അനുജന് ഇത്തവണ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കായിക പരിശീലകനാണ് നിലവില്‍ സജി. മക്കളും ഇവിടെയാണ് അച്ഛന് കീഴില്‍ പരിശീലനം നടത്തുന്നത്.
ഡിസ്‌കസ് ത്രോയില്‍ എതിരാളികളില്ലാതെ ഹിഷാം
ആനപ്പാറ: തുടര്‍ച്ചയായി മൂന്നാം തവണയും ഡിസ്‌കസ് ത്രോയില്‍ ഒന്നാമനായി ഹിഷാം പി.എം.
ജി.എം.എച്ച്.എസ്.എസ് ചീരാലിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ഹിഷാമാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും സംസ്ഥാന തലത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ വര്‍ഷം ബോഡിബില്‍ഡിങ് മത്സരത്തില്‍ മിസ്റ്റര്‍ വയനാടായും ഈ മിടുക്കന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി പനമ്പറ്റക്കുന്നത് വീട്ടില്‍ പ്രവാസിയായ മുഹമ്മദലിയുടെയും സാജിദയുടെയും മകനാണ് ഹിഷാം. ബോഡി ബില്‍ഡറായ ഷഹീര്‍ സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."