സഊദിയില്‍ മലയാളിയുള്‍പ്പെടെ അറുപതിലധികം ഇന്ത്യക്കാര്‍ നരകയാതനയില്‍; ദിവസവും കഴിയുന്നത് ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ
റിയാദ്: സഊദിയുടെ വടക്കന്‍ പ്രവിശ്യയായ അറാറില്‍ ഇഖാമയും ജോലിയും ശമ്പളവമില്ലാതെ അറുപതിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ നരകയാതനയില്‍. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ഇവര്‍ ഇവിടെ ദുരിത ജീവിതം തള്ളിനീക്കുകയാണ്. അല്‍കോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലീനിംഗ് കമ്പനിയുടെ അറാര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യു.പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. കൂട്ടത്തില്‍ ഒരു മലയാളിയുമുണ്ട്.
അറാറിലെ ക്ലീനിംഗ് ജോലിയുടെ ചുമതലയുണ്ടായിരുന്ന കമ്പനിയുടെ കരാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മുനിസിപ്പാലിറ്റി ഇടപെട്ട് റദ്ദാക്കിയിരുന്നു. കൃത്യമായ ശമ്പളം നല്‍കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ജോലി ചെയ്യാതിരുന്നപ്പോഴാണ് അധികൃതര്‍ ഇടപെട്ടത്. കമ്പനിയുടെ കരാര്‍ റദ്ദായതോടെ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. ഇവര്‍ക്കായി ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അഞ്ചും പത്തും വര്‍ഷം സര്‍വ്വീസുള്ള ഇവരില്‍ പലരും സ്വന്തം നാട് കണ്ടിട്ട് വര്‍ഷങ്ങളായി. മിക്കവരും രോഗികളും പ്രായമായവരുമാണ്. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലാണ് ഇവര്‍ക്ക് തെല്ല് ആശ്വാസം നല്‍കുന്നത്.
കമ്പനി വാഹനത്തില്‍ മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട് കൈപ്പത്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട തെലുങ്കാന സ്വദേശി സതീഷ്, പുറത്ത് ഭക്ഷണത്തിന് വേണ്ടി അന്വേഷിച്ചിറങ്ങിയപ്പോള്‍ അജ്ഞാത വാഹനം തട്ടി ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ബിഹാര്‍ സ്വദേശി നയീം എന്നിവരും കൂട്ടത്തിലുണ്ട്. എങ്കിലും ശമ്പള കുടിശ്ശികയും മറ്റാനുകൂല്യവും നേടി നാട്ടില്‍ പോകാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പലരുടെയും ഇഖാമ രണ്ടും മൂന്നും വര്‍ഷം കാലാവധി കഴിഞ്ഞെങ്കിലും പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈവശമുള്ളത് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
മലയാളികളടക്കം നൂറിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും കുറേ പേര്‍ പല മാര്‍ഗങ്ങളിലൂടെ നാടണഞ്ഞു. കമ്പനി അറാറിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും മറ്റൊരു കമ്പനി ക്ലീനിംഗ് കരാര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ നിലവിലുള്ള താമസ സൗകര്യം പോലും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് തൊഴിലാളികള്‍. പ്രശ്‌ന പരിഹാരത്തിനായി അറാര്‍ ഗവര്‍ണറേറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പരാതി തൊഴില്‍ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. തൊഴില്‍ വകുപ്പ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് അനുകുല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണിപ്പോള്‍. തൊഴിലാളികള്‍ക്ക് സഹായവുമായി അറാറിലെ മലയാളി സംഘടനകള്‍ രംഗത്തുണ്ട്.
ലോക കേരള സഭ അംഗം കുഞ്ഞമ്മദ് കുരാച്ചുണ്ട്, അറാര്‍ പ്രവാസി സംഘം നേതാക്കളായ സുനില്‍ അജിയാദ്, അക്ബര്‍ അങ്ങാടിപ്പുറം, അയൂബ് തിരുവല്ല, ഗോപന്‍ നടുക്കാട്, സുനില്‍ അരീക്കോട്, റഷീദ് പരിയാരം, ബിനോയ്, സഹദേവന്‍, സോമരാജ്, അനില്‍ മാമ്പ്ര, ദേവന്‍, ജനാര്‍ദ്ദനന്‍ പാലക്കാട്, ബോബി കൈലാത്ത് എന്നിവര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങളും എത്തിച്ചു. എംബസി അധികൃതരുമായും അറാറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."