റയലിന് സമനില; രക്ഷകവേഷം കെട്ടി ബെയ്ല്
വിയ്യാറയല്‍: ഇന്നലെ റയല്‍ മാഡ്രിഡില്‍ ഗാരെത് ബെയ്ലിന്റെ ദിനമായിരുന്നു. കാരണം ലാലിഗയില്‍ വിയ്യാറയലുമായുള്ള മത്സരത്തില്‍ താരത്തിന്റെ കാലുകളില്‍ നിന്ന് ഗോള്‍ പിറന്നില്ലായിരുന്നെങ്കില്‍ ബാഴ്സയ്ക്ക് പിന്നാലെ റയലിനും അട്ടിമറി നേരിടേണ്ടി വരുമായിരുന്നു.
താരത്തിന്റെ ഇരട്ടഗോള്‍ മികവില്‍ മത്സരം 2-2ന്റെ സമനിലയില്‍ അവസാനിച്ചു. എന്നാല്‍ ടീമിന്റെ രക്ഷകന് അവസാന നിമിഷം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വരികയും ചെയ്തു.
പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും ആധിപത്യം പുലര്‍ത്തിയ റയലിന് പക്ഷേ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ മാത്രം പിഴച്ചു.
സ്ലാട്ടന് ഇബ്രാഹിമോവിച്ചിനെയും സെര്‍ബിയന്‍ താരം ലൂക്കാ ജോവിച്ചിനെയും മുന്നില്‍ നിര്‍ത്തി സിദാന് 4-4-2 എന്ന ശൈലിയില്‍ റയലിനെ കളത്തിലിറക്കിയപ്പോള്‍ 4-2-3-1 എന്ന ശൈലിയാണ് വിയ്യാറയല്‍ സ്വീകരിച്ചത്.
കളി തുടങ്ങി 12ാം മിനിറ്റില്‍ തന്നെ വിയ്യാറയല്‍ റയലിനെ ഞെട്ടിച്ചു. ജെറാര്‍ഡ് മൊറീനോയാണ് അക്കൗണ്ട് തുറന്നത്.
എന്നാല്‍ ആദ്യ പകുതിയിലെ അധിക സമയത്ത് ബെയ്ല് റയലിന് സമനില നല്കി. പിന്നീട് തുടങ്ങിയ രണ്ടാം പകുതിയിലെ 74ാം മിനിറ്റില്‍ മോയി ഗോമസിലൂടെ വിയ്യാറയല്‍ വീണ്ടും മുന്നിലെത്തി.
എന്നാല്‍ 12 മിനുട്ടുകള്‍ക്ക് ശേഷം ഗോളടിച്ച് ബെയ്ല് വീണ്ടും ടീമിന്റെ രക്ഷകനായി.
രണ്ടാം പകുതിയിലെ അധികസമയത്ത് രണ്ട് മിനിട്ടുകള്‍ക്കിടയില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതോടെ ബെയിലിന് ഒടുവില്‍ ചുവപ്പ് കാര്‍ഡോടെ പുറത്ത് പോകേണ്ടി വന്നു. സമനിലയോടെ റയല്‍ പട്ടികയില്‍ അഞ്ചു പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. അതോടെ ബാഴ്സ എട്ടാമതായി. ഒന്‍പത് പോയിന്റുമായി അത്ലറ്റികോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."