പൊലിസിനു നാണക്കേട് ;മൂക്കിനു താഴെ കവര്‍ച്ച; അരക്ഷിതം നഗരം
കണ്ണൂര്‍:കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്റെ മൂക്കിനു താഴെ മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കലക്ടറേറ്റിനു മുന്‍വശത്തെ കണ്ണൂര്‍ മെട്രോ പത്രം ഓഫീസിലും തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്ന അല്‍ ഒറാബി ട്രാവല്‍സിലും കവര്‍ച്ച. ഇരു സ്ഥാപനങ്ങളുടെയും പൂട്ടുകള്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.
കാല്‍ടെക്‌സ് ടവറില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുസ്ഥാപനങ്ങളിലെയും മേശകളുടെയും ക്യാബിനുകളുടെയുമെല്ലാം പൂട്ടുകള്‍ തുറന്ന നിലയിലാണ്.
കണ്ണൂര്‍ മെട്രോ പത്രത്തില്‍ നിന്ന് കാഷ്യറുടെ കൗണ്ടറില്‍ നിത്യ ചെലവുകള്‍ക്കായി സൂക്ഷിച്ചതും പത്രത്തിന്റെ കളക്ഷന്‍ വകയില്‍ വന്ന തുകയുമുള്‍പ്പെടെ 11,845 രൂപ കവര്‍ന്നിട്ടുണ്ട്. മാനേജിംഗ് എഡിറ്റര്‍ ശിവദാസന്‍ കരിപ്പാലിന്റെ ക്യാബിനിലെ മേശയുടെ പൂട്ടും മാനേജിംഗ് ഡയറക്ടര്‍ എം.പി മുരളിയുടെ ക്യാബിനിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ശിവദാസന്‍ കരിപ്പാലിന്റെ മേശയിലെ ഡയറിയില്‍ 2000 രൂപ ഉണ്ടായിരുന്നെങ്കിലും ഇത് കള്ളന്റെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ കൊണ്ടുപോയില്ല. ഭരണ സിരാകേന്ദ്രത്തിന് തൊട്ടുമുന്നിലെ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. സ്ഥാപനത്തിന്റെ പിറകുവശത്തുകൂടി വാട്ടര്‍ ടാങ്കിന് സമീപത്തെ കക്കൂസിന്റെ വെന്റിലേറ്ററിലൂടെ കടന്ന് കക്കൂസ് വാതില്‍ തകര്‍ത്താണ് ഒന്നാംനിലയില്‍ കടന്ന് ഇരു സ്ഥാപനങ്ങളിലെയും പൂട്ടുകള്‍ തകര്‍ത്ത് അകത്തുകടന്നത്.
അല്‍ ഒറാബി ട്രാവല്‍സിലെ അകത്തെ സേഫ് കള്ളന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതിനാല്‍ വന്‍ നഷ്ടം ഒഴിവായി. സ്ഥാപനത്തിന്റെ മറ്റ് സേഫുകളില്‍ നിന്ന് എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്തുന്നതേയുള്ളൂ. അല്‍ ഒറാബിയില്‍ നിന്ന് ചായയുണ്ടാക്കുന്നതിനായി വച്ച ടീബാഗുകള്‍ വാതിലിന് പുറത്ത് ഉപേക്ഷിച്ച നിലയിലാണ്.
വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കോടേരി സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തി. ഇരു സ്ഥാപനങ്ങളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. നല്ല ഉയരമുള്ള ഒരാള്‍ കൈയില്‍ ചെറിയ ഇരുമ്പുപോലുള്ള ആയുധവുമായി ഷര്‍ട്ട് തലയിലൂടെ ഇട്ട് കുനിഞ്ഞ് അകത്തുകടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ മെട്രോയുടെ ഗ്ലാസ് ഡോറില്‍ ചെരുപ്പുകൊണ്ട് ചവിട്ടിയ പാടുകളുമുണ്ട്. ഇന്നലെ പുലര്‍ച്ചെ 12.48നാണ് കള്ളന്‍ അകത്തുകടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അല്‍ ഒറാബിയില്‍ അകത്തെ റൂമില്‍ കടന്ന ഉടന്‍ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷര്‍ട്ടുകൊണ്ട് മുഖം പരമാവധി മറച്ച് കസേരയില്‍ കയറി ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് ക്യാമറയുടെ ഡി.വി.ആര്‍ എവിടെയെന്ന് വയറുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ ശ്രമിക്കുന്നതുമുണ്ട്..മാസങ്ങള്‍ക്കു മുന്‍പ് താഴെചൊവ്വയില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്്യയെയും അക്രമിച്ച് പത്തോളം പേര്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."