അസം പൗരത്വ പട്ടിക: ആശങ്കയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും: 19 ലക്ഷം പേരെ കൊള്ളണോ തള്ളണോ എന്ന കാര്യത്തില്‍ ആശയ കുഴപ്പം
ന്യൂഡല്‍ഹി: അസം പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരെ പുറത്താക്കിയതോടെ ഇവരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്രയും ആളുകളെ ഉടന്‍ തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കണോ അതോ നീക്കിയ നടപടി ട്രൈബ്യൂണല്‍ ശരിവച്ച ശേഷം മതിയോ എന്ന ചോദ്യമാണ് കമ്മിഷനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
ഡി വോട്ടര്‍മാരെ കൈകാര്യം ചെയ്യുന്ന മാതൃകയെടുത്താല്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാം. എന്നാല്‍ ഇതില്‍ 11ലക്ഷവും ബി.ജെ.പിക്ക് പരമ്പരാഗതമായി വോട്ടു ചെയ്യുന്ന ബംഗാളി ഹിന്ദുക്കളാണ്. ഇവരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കുന്നത് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിക്ക് തന്നെയാണ് ദോഷം ചെയ്യുക.
ഈ സാഹചര്യത്തില്‍ സൂക്ഷമതയോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീങ്ങുന്നത്. തല്‍ക്കാലം ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കുന്നില്ലെന്നും ഇതു സംബന്ധിച്ച് സുപ്രിം കോടതിയില്‍ നടക്കുന്ന കേസില്‍ തീരുമാനം വന്നതിന് ശേഷം ആകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
1997ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപപ്പെടുത്തിയ ചട്ട പ്രകാരം ഒരാളെ ഡി വോട്ടറായി പ്രഖ്യാപിച്ചാല്‍ അയാളുടെ വോട്ടര്‍ പട്ടികയിലെ പേരിനു നേരെ ഡി (ഡൗട്ട്ഫുള്‍) എന്ന് രേഖപ്പെടുത്തും. അതോടെ അയാള്‍ക്ക് വോട്ടവകാശവും ഇല്ലാതാവും. പൗരത്വട്രൈബ്യൂണല്‍ കേസില്‍ വിധി പറയും മുന്‍പുതന്നെ അയാളുടെ വോട്ടവകാശം എടുത്തു കളയുന്ന രീതിയാണിത്. പിന്നീട് താന്‍ ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനായ വ്യക്തിക്കാണ്. ഡിറ്റന്‍ഷന്‍ ക്യാംപിലും കഴിയേണ്ടി വരും.
ഡി വോട്ടര്‍മാരാണെന്ന കാരണത്താല്‍ 1.2 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവാതെ പോയത്. എന്നാല്‍ പൗരത്വ പട്ടികയുടെ 2018 ജൂലൈയില്‍ പ്രഖ്യാപിച്ച കരടില്‍ നിന്ന് പുറത്താക്കിയവരെ വോട്ടു ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അന്തിമ പട്ടിക വന്നതോടെ സാഹചര്യം മാറി. ഡി വോട്ടര്‍മാരെന്നാല്‍ പൗരത്വം സംശയത്തിലായവരാണ്. പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നതോടെ പൗരനല്ലെന്ന് തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രൈബ്യൂണലിന് അപ്പീല്‍ സ്വഭാവം മാത്രമാണുള്ളത്. ഈ തത്വമെടുത്താല്‍ 19ലക്ഷവും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകേണ്ടതാണ്.
പട്ടികയില്‍ ഇടം പിടിക്കാത്തവര്‍ വിദേശിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക തയാറാക്കുന്നതെന്നും പൗരത്വ പട്ടിക മറ്റൊന്നാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ വാദിക്കുന്നു. എന്നാല്‍, ഡി വോട്ടര്‍മാരുടെ കാര്യത്തില്‍ ഇതേ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നില്ല. പൗരന്‍മാരല്ലെന്ന് ദീര്‍ഘകാല നടപടിയിലൂടെ ഔദ്യോഗിക സമിതി കണ്ടെത്തിയവരെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താന്‍ കഴിയുമോയെന്ന ചോദ്യവും ശേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."