റാങ്ക് ലിസ്റ്റില്‍പ്പെട്ടവരെ തഴഞ്ഞ് കരാര്‍ ജോലിക്കാരെ നിയമിക്കാന്‍ നീക്കം
കോഴിക്കോട്: കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ നീക്കം. 2013 സെപ്റ്റംബര്‍ 13ന് പി.എസ്.സി പുറത്തിറക്കിയ ലിസ്റ്റില്‍ 13,489 പേരാണ് മെയിന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ 3,800 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. 2016 ഡിസംബര്‍ 30ന് ലിസ്റ്റ് പി.എസ്.സി റദ്ദ് ചെയ്തു. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും ആറു മാസത്തേക്കു കൂടി ലിസ്റ്റ് നീട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഈ കാലയളവില്‍ സംസ്ഥാനത്തെ 30 സെക്ഷന്‍ ഓഫിസുകളിലായി 180 ഒഴിവുകളിലേക്ക് ഈ ഉദ്യോഗാര്‍ഥികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചില്ല.
ആറുമാസ കാലയളവിനുള്ളില്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ വിധി ചൂണ്ടിക്കാട്ടി പി.എസ്.സി 1486 ഒഴിവുകള്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സിന് എന്ന പേരില്‍ കരാര്‍ തൊഴിലാളികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, മസ്ദൂര്‍ ജോലിക്ക് വേണ്ടുന്ന യോഗ്യത (നാലാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ) കരാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പി.എസ്.സി അട്ടിമറിച്ചു. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചകൊണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യൂനിയനുകള്‍ ഉദ്ദേശിച്ച ആളുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയവരും ഉള്‍പ്പെടുമെന്നും ഇതിനുള്ള തെളിവുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ലിസ്റ്റിലെ എണ്ണൂറോളം പേര്‍ പത്താംതരവും പ്ലസ്ടുവും പാസായവരായിരുന്നു.
പ്രായം കഴിഞ്ഞവരും ഇതില്‍ ഉള്‍പ്പെട്ടു. പി.എസ്.സിയും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നടത്തിയ തട്ടിപ്പാണ് അരങ്ങേറിയതെന്നും ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും അഡൈ്വസ് മെമ്മോ അയക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരേ നിയമനടപടിയിലേക്ക് നീങ്ങുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.ധനുഷ്, കെ.ഹൈദര്‍, കെ.ഇ വിനോദ്, പി.പി സനല്‍കുമാര്‍, പി. ജയരാജ്, എന്‍. മുജീബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."