ജനമൈത്രി പൊലിസ് രക്തദാന ക്യാംപ്; ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
നിലമ്പൂര്‍: നിലമ്പൂര്‍ പൊലിസ് സ്‌റ്റേഷന്‍ ഇന്നലെ ആശുപത്രിയുടെ അന്തരീക്ഷമായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും രക്ത ദാന ക്യാംപും, ബിപി പരിശോധന തുടങ്ങിയവക്കാണ് ജനമൈത്രി സ്‌റ്റേഷന്‍ വേദിയായത്. വിദ്യാര്‍ഥികളും പൊതുജനങ്ങളും തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരുമടക്കമുള്ളവരാണ് സ്റ്റേഷനില്‍ ഒത്തുചേര്‍ന്നത്. ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപാണ് വേദി.
മേഖലയില്‍ ഡെങ്കിപ്പനി വ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് രക്തം ആവശ്യമായി വരുന്നുണ്ടെന്ന് കണ്ടാണ് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ മുന്‍കൈയെടുത്ത് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. ജില്ലാ പൊലിസിന്റെ സഫലമാവട്ടെ ഈ യാത്ര എന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന റോഡ് സുരക്ഷാ ആചരണത്തിന്റെ ഭാഗമായാണ് നിലമ്പൂര്‍ പൊലിസ് സറ്റേഷനില്‍ രക്തദാനത്തിനുള്ള ക്യാംപ് നടത്തിയത്. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ രക്തബാങ്കും നിലമ്പൂര്‍ പൊലിസും നിലമ്പൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.
നിരവധി യുവാക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പദ്ധതിയില്‍ പങ്കാളികളാകാന്‍ സ്‌റ്റേഷനിലെത്തി. എസ്.ഐ മനോജ് പറയറ്റ, ജൂനിയര്‍ എസ്.ഐ എം.ആര്‍ അരുണ്‍ കുമാര്‍, സി.പി.ഒ സ്വരാജ്, വിമന്‍ സി.പി.ഒ ഷീബ, രക്തബാങ്ക് ജീവനക്കാരായ കെ.പി നജീബ്, ഉനൈസ്, സജുല, സജ്‌ന, വിജിഷ, സത്യന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. രക്തദാനത്തിന് സന്നദ്ധരായി എത്തിച്ചേര്‍ന്ന മുഴുവന്‍ പേരില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പൊലിസുദ്യോഗസ്ഥരടക്കം പലര്‍ക്കും രക്തദാനത്തിന് അവസരം ലഭിച്ചില്ല. അന്‍പതോളം പേരില്‍ നിന്ന് രക്തം സ്വീകരിച്ചു. നിലമ്പൂര്‍ സ്‌റ്റേഷനിലെ പൊലിസുദ്യോഗസ്ഥര്‍ക്ക് പുറമെ, ഓട്ടോ ഡ്രൈവര്‍മാര്‍, ട്രോമാകെയര്‍, എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകര്‍, നിലമ്പൂര്‍ ക്ലാസ്സിക് കോളേജിലെ വിദ്യാര്‍ഥികളും രക്തദാനം നടത്തി. കൂടുതല്‍ പേര്‍ക്ക് രക്തദാനം ചെയ്യാനുളള സജ്ജീകരണങ്ങളോടെ ഒരു രക്ത ദാന ക്യാംപുകൂടി സംഘടിപ്പിക്കുമെന്ന് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."