ലണ്ടന്‍ ഭീകരര്‍ പദ്ധതിയിട്ടത് ലോറി ഉപയോഗിച്ചുള്ള ആക്രമണത്തിന്
ലണ്ടന്‍: ബ്രിട്ടനിലെ ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്താന്‍ ഏഴര ടണ്‍ ഭാരമുള്ള ലോറി വാടകയ്ക്കെടുക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി പൊലിസ്. പണമിടപാടുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ സമര്‍പ്പിക്കാനാകാത്തതിനാല്‍ ഉടമ ലോറി നല്കാന് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചെറിയ വാന്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ നിര്‍ബന്ധിതരായത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ഈ മാസം മൂന്നിനാണ് ലണ്ടന്‍ ബ്രിഡ്ജിലും തുടര്‍ന്ന് ബാരോ മാര്‍ക്കറ്റിലും ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്നു ഭീകരര്‍ക്കു പുറമെ എട്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് ഖുറം ശഹ്സാദ് ഭട്ട്, റാഷിദ് റെഡോനെ, യൂസഫ് സഗ്ബ എന്നിവരാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണം നടത്തിയ കാറിന്റെയും കത്തിയുടെയും ചിത്രങ്ങള്‍ പൊലിസ് പുറത്തുവിട്ടു. 30 സെന്റി മീറ്റര്‍ നീളമുള്ള കത്തി കൈയില്‍ കെട്ടിയാണ് ഭീകരര്‍ ആക്രമണത്തിനെത്തിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. ഈസ്റ്റ് ലണ്ടനിലെ ബാര്കിങ്ങില് സംഘം ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നു. പെട്രോള്‍ ബോംബുകളുണ്ടാക്കാനുള്ള സാമഗ്രികളും ചാവേര്‍ ബോംബ് ബെല്‍റ്റുകളും റാഷിദിന്റെ ഐ.ഡി കാര്‍ഡും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ സ്കോട്ട്ലന്‍ഡ് യാഡ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."