മണലൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലെ വാഹന പാര്‍ക്കിങ് ജനങ്ങള്‍ക്ക് ദുരിതമായി
അന്തിക്കാട്: മണലൂര്‍ പഞ്ചായത്ത് ഓഫിസിന് വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തത് ജനങ്ങള്‍ക്കു ദുരിതമാകുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ നിലവില്‍ മണലൂര്‍ സബ്ട്രഷറി, കൃഷി ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫിസുകളിലെത്തുന്നത്.
ഇവരുടെ ഇരുചക്രവാഹനങ്ങളും മറ്റും പാര്‍ക്കു ചെയ്യുന്നത് പഞ്ചായത്ത് ഓഫിസിനു മുന്നിലെ ചെറിയ സ്ഥലത്താണ്. ഇതു മൂലം ഓഫിസുകളിലേക്ക് കടക്കാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഇവിടെയെത്തുന്നവര്‍. കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്കു ചെയ്യുന്നതു മൂലം പ്രധാന റോഡില്‍ ഗതാഗത കുരുക്കും രൂക്ഷമായിട്ടുണ്ട്. അപകട സാധ്യതയും ഏറെയാണ്. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഓഫിസുകളില്‍ നിന്ന് ഒരു ഓഫിസ് വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന വാഹന പാര്‍ക്കിങിന് അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."