അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിന് അട്ടിമറി വിജയം
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.ഫിന് അട്ടിമറി വിജയം. പ്രസിഡന്റ് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. ഇന്നലെ രാവിലെ പത്തര മണിയോടെയാണ് യോഗം ആരംഭിച്ചത്. പരാജയം മുന്നില്‍ കണ്ടെന്നോണം സി.പി.എമ്മിലെ ആറ് അംഗങ്ങളും ഇടതുപക്ഷ സ്വതന്ത്രനും യോഗം ബഹിഷ്കരിച്ചതോടെ യു.ഡി.എഫ് വിജയം ഉറപ്പിക്കുകയായിരുന്നു.
പതിനേഴ് അംഗ പഞ്ചായത്തില്‍ മുസ്്ലിം ലീഗിന്റെ അഞ്ച് അംഗങ്ങളും, കോണ്‍ഗ്രസ്സ് രണ്ടും, സി.പി.ഐ ഒന്നും, ബി.ജെ.പി ഒന്നും അടക്കം ഒന്‍പത് പേരാണ് അവിശ്വാസത്തില്‍ പങ്കെടുത്തത്. പങ്കെടുത്ത ബി.ജെ.പി അംഗവും സി.പി.ഐ അംഗവും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതിനാലാണ് പ്രസിഡന്റിനെതിരെ കൊണ്ട് വന്ന അവിശ്വാസം പാസാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം സി.പി.ഐ അംഗമായ പ്രസന്ന വികസന സ്റ്റാന്റിങ്് കമ്മിറ്റി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് യു.ഡി.ഫ് പഞ്ചായത്തില്‍ അവിശ്വാസം കൊണ്ട് വന്നത്. കഴിഞ്ഞ പതിനൊന്നാം തിയതി നടക്കേണ്ടിയിരുന്ന അവിശ്വാസം നിയമ തടസങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് 25 ലേക്ക് മാറ്റിയത്.
തുടര്‍ന്ന് രണ്ട് മണിക്ക് നടന്ന വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ചയും എല്‍.ഡി.എഫിന് പ്രതികൂലമായതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് അനുകൂലമാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ഡി.ഒ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ചു. ഒരു മാസത്തിനകം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദിവസം കമ്മിഷന് പ്രഖ്യാപിക്കും.
അവിശ്വാസത്തിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഇല്ലാതായ തോടെ വികസന സ്ഥിരം സമിതി അധ്യക്ഷക്കാണ് പ്രസിഡന്റിന്റെ താല്കാലിക ചുമതല. ഇവര്‍ മുന്‍പെ രാജിവെച്ച സാഹചര്യത്തില്‍ ചുമതല ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷക്ക് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഈ നടപടി സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വരെ പഞ്ചായത്തില്‍ സെക്രട്ടറി ഭരണം തുടരും. അവിശ്വാസം വിജയത്തിലെത്തിയതോടെ ഭരണ സമിതി സ്ഥാനങ്ങള്‍ക്കുള്ള തിരക്കിട്ട ചര്‍ചകള്‍ക്ക് ആരംഭമായിരിക്കുകയാണ് യു.ഡി.എഫില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."